ചാലക്കുടി: ചിന്തകളിലും ഭാവനയിലും വ്യത്യസ്തത വരുത്തി ചിത്രരചനയിലൂടെ വിസ്മയം തീർക്കുകയാണ് കൃപാ ജോഷി എന്ന 20 കാരി. ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് കൃപയുടെ വരകളുടെ പ്രത്യേകത. ഗൂഡ്‌നെസ് ടിവി ആർട്ട് ഡയറക്ടർ ആയിരുന്ന ജോഷിയുടെയും തെരേസയുടെയും മൂത്ത മകളാണ് അവസാന വർഷ കെമിസ്ട്രി ബിരുദ്ധ വിദ്യാർത്ഥിനി കൂടിയായ കൃപ.
4 ആം ക്ലാസ്സ് മുതൽ കൃപ ചിത്രങ്ങൾ വരയ്ക്കുമായിരുന്നെങ്കിലും ചിത്രരചനയ്ക്ക് വേണ്ടത്ര പരിഗണന കൊടുത്തിരുന്നില്ല, ഇടവേളകളിൽ മാത്രമായിരുന്നു ചിത്ര രചന. എന്നാൽ ഈ ചിത്രങ്ങൾ കണ്ട് അവളുടെ കഴിവ് തിരിച്ചറിഞ്ഞ ഉറ്റ സുഹൃത്തായ അസീജാ ആൻ്റണിയാണ് എല്ലാ പിന്തുണകളും പ്രാത്സാഹനവും നൽകി കൊണ്ട് കൃപയെ തിരികെ ചിത്രരചനയിലേയ്ക്ക് കൂട്ടികൊണ്ട് വന്നത്.
മറ്റുള്ളവരിൽ നിന്നും എപ്പോളും വ്യത്യസ്തത ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് കൃപ . അതു കൊണ്ട് തന്നെ തൻ്റെ ചിത്രങ്ങളിലും വ്യത്യസ്തത വേണം എന്ന ചിന്തയിൽ ലോക്ക് ഡൗൺ സമയത്ത് വ്യത്യസ്ത ചിത്രരചനകളെ കുറിച്ച് പഠിക്കുകയും തൻ്റെ വരകളിൽ അവ ഉൾകൊള്ളിക്കുകയും ചെയ്തു.
ചാർകോൾ ഡ്രോയിങ്ങ്സ്, പെൻസിൽ ഡ്രോയിങ്ങ്സ്, പെൻസിൽ കളർ ഡ്രോയിങ്ങ്സ്, സ്ക്രിബിൾഡ് ആർട്ട് ഡൂഡിലിങ്ങ് ' ഇവയാണ് കൃപയുടെ പ്രധാന രചനാ ശൈലികൾ. ചിത്രരചനയിലെ പരീക്ഷണങ്ങൾ ഫലം കണ്ടതോടെ കൂടുതൽ വ്യത്യസ്തത വരുത്താൻ ശ്രമിക്കുകയാണ് ഇപ്പോൾ കൃപ ''ജീവൻ തുടിക്കുന്ന ചിത്രങ്ങൾ'' ഇങ്ങനെയാണ് കൂട്ടുകാർ കൃപയുടെ ചിത്രങ്ങളെ വിശേഷിപ്പിക്കുന്നത്, ഇതിൽ നിന്നും ഒക്കെ ഉയർന്ന് ഹൈപ്പർ റിയലിസ്റ്റിക്ക് ചിത്രങ്ങൾ വരക്കണം എന്നാണ് കൃപയുടെ ഏറ്റവും വലിയ ആഗ്രഹം. വീട്ടുകാരുടെയും കൂട്ടുകാരുടെയും പിന്തുണയാണ് തനിക്കു പ്രോത്സാഹനമായതെന്നും താൻ വീണ്ടും ചിത്രരചനയിലേയ്ക്ക് എത്താൻ കാരണമെന്നും കൃപ പറയുന്നു.
- മരിയ ഷാരോൺ സെബാസ്റ്റ്യൻ





