ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തു ട്രാക്ടർ റാലി നടത്തുമെന്ന കർഷകരുടെ ആവശ്യത്തിൽ, ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്തു ഡൽഹി പൊലീസാണു തീരുമാനം എടുക്കേണ്ടതെന്നു സുപ്രീംകോടതി പറഞ്ഞു. ജനുവരി 26ന് നടക്കാനിരിക്കുന്ന ട്രാക്ടർ റാലിക്കെതിരായി ഡൽഹി പൊലീസ് സമർപ്പിച്ച ഹർജിയിലാണു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ആരെയെല്ലാം പ്രവേശിപ്പിക്കാം, തടയാം എന്നിവ ക്രമസമാധാന കാര്യങ്ങളാണ്. ഞങ്ങൾക്കല്ല പൊലീസിനാണ് ഇതു ചെയ്യാനുള്ള പ്രഥമാധികാരമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അടുത്തഘട്ട ചർച്ചകൾക്കു മുന്നോടിയായി കേന്ദ്ര സർക്കാരിന്റെ നിലപാട് ശക്തമാക്കി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ രംഗത്തെത്തി. പുതിയ കൃഷി നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിനു പകരമുള്ള നിർദേശങ്ങളുമായി വരണമെന്നു കർഷക സംഘടനകളോടു മന്ത്രി ആവശ്യപ്പെട്ടു. ബഹുഭൂരിപക്ഷം കൃഷിക്കാരും വിദഗ്ധരും ശാസ്ത്രജ്ഞരും മറ്റും പുതിയ നിയമങ്ങളെ അനുകൂലിക്കുന്നതായും മന്ത്രി പറഞ്ഞു.
‘സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ, നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉറച്ചുനിൽക്കുന്നതിൽ അർത്ഥമില്ല. കർഷക യൂണിയനുകൾ അൽപംപോലും മാറാൻ തയാറല്ല. ജനുവരി 19ന് കർഷകർ നിയമങ്ങൾ വിശദമായി ചർച്ചചെയ്യുമെന്നും മറ്റ് നിർദേശങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു. എതിർപ്പ് സാധുതയുള്ളതാണെങ്കിൽ സർക്കാർ അവ പരിഗണിച്ച് ഭേദഗതികൾ വരുത്തും’ മന്ത്രി വ്യക്തമാക്കി. പ്രധാന ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ സർക്കാർ താൽപ്പര്യപ്പെടുന്നില്ല എന്നാണു മന്ത്രിയുടെ വാക്കുകളിൽനിന്നു മനസ്സിലാകുന്നതെന്നു കർഷകർ പ്രതികരിച്ചു.
