തിരുവനന്തപുരം: പാലാ സീറ്റിന്റെ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം സിപിഎം പ്രഖ്യാപിക്കാതിരിക്കെ എൻസിപിയിലെ യിലെ ‘ഇടത് വിഭാഗത്തിന്റെ’ യോഗം പരസ്യമായി വിളിച്ചു ചേർത്ത് മന്ത്രി എ.കെ. ശശീന്ദ്രൻ. ഏതു സാഹചര്യത്തിലും എൽഡിഎഫിനൊപ്പം നിൽക്കാൻ യോഗം തീരുമാനിച്ചു. ഔദ്യോഗിക വസതിയിലാണ് ഒപ്പം നിൽക്കുന്നവരുടെ യോഗം മന്ത്രി വിളിച്ചു ചേർത്തത്., സീറ്റ് കിട്ടില്ലെന്നു പറഞ്ഞു മുന്നണി വിടേണ്ട സാഹചര്യമില്ലെന്നാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ നിലപാട്. സംസ്ഥാനത്ത് തുടർഭരണ സാഹചര്യം നിലനിൽക്കുമ്പോൾ യുഡിഎഫിലേക്കു പോകുന്നത് മണ്ടത്തരമാണെന്നും യോഗം വിലയിരുത്തി. പാലാ അടക്കം 4 സീറ്റുകൾ വേണം എന്നതിൽ ഉറച്ചു നിൽക്കാനും യോഗത്തിൽ തീരുമാനിച്ചു. 23ന് ദേശീയ അധ്യക്ഷൻ ശരദ് പവാർ വരുമ്പോൾ ഇക്കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തും.
ഭിന്നത തുടരുന്ന എന്‍സിപിയില്‍ മാണി സി.കാപ്പൻ എംഎൽഎയെ അനുനയിപ്പിക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ പക്ഷത്തിന്‍റെ ശ്രമങ്ങൾ തുടരുന്നു.
മാണി സി.കാപ്പന് പാലാ സീറ്റിനു പകരം കുട്ടനാട് സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. എന്നാൽ, എന്തുവന്നാലും പാലാ വിട്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് മാണി സി.കാപ്പൻ വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിന് അടുത്തയാഴ്ച എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലെത്തുന്നതിന് മുന്നോടിയായാണ് അനുനയ നീക്കങ്ങള്‍ നടക്കുന്നത്. എ.കെ.ശശീന്ദ്രന്‍, മാണി സി.കാപ്പനെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചു. പാലാ സീറ്റ് നഷ്ടപ്പെടുകയാണെങ്കില്‍ പകരം കുട്ടനാട് സീറ്റ് ഉറപ്പാക്കാം എന്ന വാഗ്ദാനമാണ് ശശീന്ദ്രന്‍ നല്‍കിയത്.
