കാസർകോട്: ചെടേക്കാലിൽമരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ കൊലപാതകത്തിനു പിന്നിൽ അമ്മ ഷാഹിന. ജനിച്ചയുടൻ കുഞ്ഞിനെ ഇയർഫോൺ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. ചെറിയ വയർ കഴുത്തിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടർന്ന് കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഭർത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.
രക്ത സ്രാവമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ദിവസങ്ങൾക്ക് മുമ്പ് യുവതിയുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് വ്യക്തമായത്. ഡോക്ടറിൽ നിന്നാണ് ഭർത്താവ് പോലും ഭാര്യയുടെ പ്രസവ വിവരം അറിയുന്നത്. തുടർന്ന് വീട്ടിലെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ കണ്ടെത്തിയത്. യുവതി ഗർഭിണിയായത് അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ മാസം 15നാണ് തുണിയിൽ പൊതിഞ്ഞ കുഞ്ഞിന്റെ കഴുത്തിൽ വയർ ചുറ്റി മരിച്ച നിലയിൽ കണ്ടെത്തിയത്.
