കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി - മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 11 മണിക്ക് കമ്മീഷന്‍ ചെയ്തു . ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും പങ്കെടുത്തു . കൊച്ചി മുതല്‍ മംഗളൂരു വരെയാണ് പ്രകൃതിവാതക വിതരണം. വലിയ പ്രതിഷേധങ്ങള്‍ക്കും, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.
3226 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. 444 കിലോമീറ്ററാണ് പൈപ്പ് ലൈനിന്റെ ദൈര്‍ഘ്യം. 12 എം.എം.എസ്. സി.എം.ഡി. വാതക നീക്കശേഷിയുള്ളതാണ് പൈപ്പ് ലൈന്‍ .പൈപ്പ് ലൈന്‍ വരുന്നതോടെ അന്തരീക്ഷമലിനീകരണം ഇല്ലാതെയും കുറഞ്ഞ വിലയുമുള്ള പ്രകൃതിവാതകം.(പി.എന്‍.ജി) വീടുകളിലെത്തും. വ്യവസായങ്ങള്‍ക്കും കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സി.എന്‍.ജി.) വാഹനങ്ങള്‍ക്കും കിട്ടും.
ഇത് ഇന്ത്യയ്ക്ക് പ്രത്യേകിച്ച് കേരളത്തിലെയും കര്‍ണാടകത്തിലേയും ജനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണെന്നും പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങളും പൈപ്പ് ലൈനിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടുവെന്നും. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് പൈപ്പ് ലൈന്‍ കാരണമാകുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.പൈപ്പ് ലൈനിന്‍റെ 408 കിലോമീറ്റർ കേരളത്തിലും 35 കിലോമീറ്റർ കർണാടകത്തിലുമാണ് ഉള്ളത് .
എല്‍എന്‍ജി ടെര്‍മിനലിൽ നിന്ന് തുടങ്ങുന്ന വിതരണ ശൃംഖല എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകൾ പിന്നിട്ട് മംഗളൂരുവിലെത്തും. വ്യവസായങ്ങൾക്കും,വാഹനങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കും പ്രകൃതിവാതകം ഉറപ്പാക്കാം. കൊച്ചിയിലെ ഫാക്ട് ( FACT ), ബിപിസിഎൽ (BPCL), മംഗളൂരു കെമിക്കൽസ് ആന്‍റ് ഫെർട്ടിലൈസേഴ്സ് എന്നീ കമ്പനികൾക്ക് ആദ്യഘട്ടത്തിൽ പ്രകൃതിവാതകം വിതരണം ചെയ്യും. എറണാകുളം മുതൽ കാസർകോട് വരെയുള്ള മുഴുവൻ ജില്ലകളിലും ടാപ് ഓഫ് സ്റ്റേഷൻ ഉൾപ്പടെ 28 കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്ന് കണക്ഷനെടുത്ത് വാഹനങ്ങൾക്കും, ഗാർഹിക ആവശ്യങ്ങൾക്കും പ്രകൃതിവാതകം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലേക്കെത്തിക്കാം.
ഏറെ ശ്രമകരമായിരുന്ന പൈപ്പിടൽ പൂർത്തിയാക്കിയത് ഗെയിൽ ഇന്ത്യ ലിമിറ്റഡ് ആണ്. ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ചുമതല അദാനി ഗ്യാസ് ലിമിറ്റഡിനും. കൊച്ചിയിൽ നിന്ന് പാലക്കാട് കൂറ്റനാട് വരെയുള്ള 90കിലോമീറ്റർ 2019ൽ കമ്മീഷൻ ചെയ്തിരുന്നു. പ്രധാന ജംഗ്ഷനായ കൂറ്റനാട് നിന്നാണ് 354 കിലോമീറ്റർ ദൂരത്തുള്ള മംഗളൂരുവിലേക്കും, 525 കിലോമീറ്റർ ദൂരത്തുള്ള ബെംഗളൂരുവിലേക്കും പൈപ്പ് ലൈൻ തുടങ്ങുന്നത്.പദ്ധതി പൂർത്തീകരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനം അറിയിച്ചു പ്രധാന മന്ത്രി . പ്രകൃതി വാതകം മലീനീകരണം കുറയ്ക്കും. പരിസ്ഥിതിയും ആരോഗ്യവും മെച്ചപ്പെടുമെന്നും,ഇത് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു .ഗെയിൽ യാഥാർഥ്യമാവാൻ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം നന്ദി അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സംയുക്ത സംരംഭം വിജയം കണ്ടതിൽ സന്തോഷമെന്നാണ് പ്രതികരിച്ചത്..
