കായംകുളം:പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ കായംകുളം പൊലീസ് കേസ് എടുത്തു.അസ്വാഭാവിക മരണമാണ് എന്ന ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പോസ്റ്റ്മാർട്ടം നടത്തണമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ ആവശ്യപെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം സംസ്‌കാര സമയം തീരുമാനിക്കും . കായംകുളം പൊലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
ഇന്നലെ രാത്രിയോടെയാണ് കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ(55) തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ച് അന്തരിച്ചത്. ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടർന്ന് മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു . അദ്ദേഹത്തിന്‍റെ നില പിന്നീട് ഗുരുതരമായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.എന്നാല്‍ കാര്യമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു..
