ന്യൂഡൽഹി. കർഷക സമരം കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കവെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയാണ് ഈ നിലപാടെടുത്തത്. കാർഷിക നിയമം ഈ രീതിയിൽ നടപ്പാക്കണമോയെന്ന് കോടതി ചോദിച്ചു.കർക്ഷക നിയമത്തിനെതിരെ നിരവധി സംസ്ഥാനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതായും കോടതി അറിയിച്ചു. ചർച്ചകൾ നടക്കുന്നതായി സർക്കാർ ആവർത്തിക്കുമ്പോഴും എന്ത് ചർച്ചയാണ് നടപ്പാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ കമ്മിറ്റിയെ നിയമിക്കണമെന്നും അവരുടെ റിപ്പോർട്ട് വരുന്നതുവരെ നിയമങ്ങൾ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ഇല്ലെങ്കിൽ കോടതിക്ക് ചെയ്യേണ്ടിവരുമെന്നും കടുത്ത ഭാഷയിൽ കോടതി സർക്കാരിനു മുന്നറിയിപ്പു നൽകി.
സർക്കാരും കർഷകരും അവരുടെ നിലപാടുകളിൽ മാറ്റമില്ലാതെ നിലകൊള്ളുന്നു.ഒന്നര മാസമായി തലസ്ഥാലത്തെ സത്ംഭിപ്പിച്ച് തുടരുന്ന കർക്ഷക പ്രക്ഷോപം എട്ടാം വട്ട ചർച്ചയിലും തീരുമാനമായിരുന്നില്ല. സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്, ആളുകൾ മരിച്ചുവീഴുകയാണ്. ഈ സാഹചര്യത്തിൽ നിയമം നടപ്പിലാക്കുന്നതു നീട്ടിവയ്ക്കുന്നതിൽ എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു. കഴിഞ്ഞ തവണ വാദം കേൾക്കുമ്പോഴും ഇക്കാര്യം കോടതി ചോദിച്ചിരുന്നു, എന്നാൽ സർക്കാർ അതിനു മറുപടി നൽകിയില്ലെന്നും കോടതി അതൃപ്തി അറിയിച്ചു.
അതേസമയം നിയമം സ്റ്റേ ചെയ്യാൻ സുപ്രീം കോടതിക്ക് കഴിയില്ലെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. അധികാര പരിധി കടന്നുകൊണ്ട് ഏതെങ്കിലും ഒരു നിയമനിർമാണ സഭ ഒരു നിയമം ഉണ്ടാക്കിയാൽ, പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്ന നിയമങ്ങൾ, ഭരണഘടനയുടെ മറ്റു വ്യവസ്ഥകൾക്ക് വിരുദ്ധമായിട്ടുള്ള നിയമം എന്നിങ്ങനെ മൂന്നു സന്ദർഭങ്ങളിലാണ് കോടതിക്ക് നിയമം സ്റ്റേ ചെയ്യാനാകുന്നതെന്നും എന്നാൽ ഈ സാഹചര്യങ്ങളൊന്നും ഇവിടെ ഇല്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം.ചില പ്രത്യേക സാഹചര്യങ്ങളിലും നിയമങ്ങൾ സ്റ്റേ ചെയ്ത ചരിത്രം കോടതിക്കുണ്ടെന്ന് മഹാരാഷ്ട്രയിലെ മറാത്ത സംവരണം സ്റ്റേ ചെയ്തത് ഉദാഹരണമാക്കി കോടതി അറിയിച്ചു. നിയമം സ്റ്റേ ചെയ്യുന്നതും നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി അറിയിച്ചു.
