Hot Posts

6/recent/ticker-posts

വാഗമണ്‍ ലഹരി പാര്‍ട്ടി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി



വാഗമണ്‍ ലഹരി പാര്‍ട്ടി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.  ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവിനാണ് അന്വേഷണ ചുമതല.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഡിജിപി കൈമാറി. ഇടുക്കി എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തെ അന്വേഷണം നടത്തിയിരുന്നത്.  സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപിയുടെ ഈ  നടപടി. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ലഹരിസംഘങ്ങളുമായി വാഗമണ്‍ പാര്‍ട്ടി സംഘാടകര്‍ക്കുള്ള ബന്ധം വിശദമായി പരിശോധിക്കും. കേസില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിനിയായ നടി ബ്രിസ്റ്റി ബിശ്വാസിന്റെ ലഹരി മാഫിയാ ബന്ധങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.


ഏഴു തരം ലഹരിവസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ സ്വദേശി അജ്മല്‍ സക്കീറാണ് ലഹരിവസ്തുക്കള്‍ പാര്‍ട്ടിയിൽ  എത്തിച്ചത്.  പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട് . ഒപ്പം കേസിലെ രണ്ടും മൂന്നും പ്രതികളായ മെഹറിനും, നബിലിനുമുള്ള ബന്ധങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.ഡിസംബർ 20നാണ് വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി മരുന്ന് പാർട്ടിക്ക് എത്തിയ 58 പേരടങ്ങുന്ന സംഘത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇടുക്കി എ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും എൽഎസ്ഡി സ്റ്റാമ്പ്, ഹാഷിഷ്, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളാണ് പിടികൂടിയത്. എന്നാൽ ലഹരി പാർട്ടിയിൽ പങ്കെടുത്ത 49 പേരെ പോലീസ് വിട്ടയച്ചിരുന്നു. ഒപ്പം റിസോർട്ട് ഉടമയായ സി.പി.ഐ പ്രാദേശിക നേതാവിനെ കേസിൽ പ്രതി ചേർക്കാനും അന്വേഷണ സംഘം തയ്യാറായില്ല.  ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം കൂടുതൽ ഉർജിതമാകാൻ വേണ്ടിയാണ് ക്രൈം  ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
.
Reactions