ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയതില്‍ പങ്കാളികളായത് മൂന്നു സംഘങ്ങളില്‍പ്പെട്ടവര്‍. യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയാനും വാഹനത്തിന്‍റെ നമ്പര്‍ കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. നേരത്തെയും യുവതി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി.
മലബാര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും പ്രാദേശികമായി തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ സഹായിച്ചവരുമാണ് ഇവര്‍. ഈ മൂന്നു സംഘത്തിനും സ്വര്‍ണക്കടത്ത് സംഘം ഓരോ ചുമതലകള്‍ വീതിച്ചു നല്‍കിയിരുന്നു. ഈ മൂന്നു സംഘത്തിലും പെട്ടവര്‍ അറസ്റ്റിലായവരിലുണ്ട്. മാന്നാർ കുരട്ടിക്കാട് സ്വദേശി ബിനോയിയുടെ വീടു ആക്രമിച്ച് ഭാര്യ ബിന്ദുവിനെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.
എറണാകുളം പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ വെടിമറ വീട്ടിൽ അൻഷാദ് (36), പൊന്നാനി ആനയടി പാലയ്ക്കൽ അബ്ദുൽ ഫഹദ് (35), തിരുവല്ല കുരിശുകവല ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് ( കുട്ടപ്പായി– 37), പരുമല കോട്ടയ്ക്കമാലി സുധീർ (കൊച്ചുമോൻ– 36) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു സംഘവുമായി ബന്ധപ്പെട്ടവരാണെന്നും ഇതിൽ അൻഷാദ്, അബ്ദുൽ ഫഹദ് എന്നിവരൊഴികെയുള്ളവർ സ്വർണക്കടത്തു സംഘത്തിനു പ്രാദേശികമായി സഹായം നൽകിയവരാണെന്നും പൊലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയതിനു പിന്നാലെ വീട്ടിലെത്തിയ പൊലീസ് സംഘത്തോട് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ബിന്ദുവിന്‍റെ ഭര്‍ത്താവടക്കമുള്ളവര്‍ തയാറായില്ല. തട്ടിക്കൊണ്ടുപോയവര്‍ ബിന്ദുവിനെ വഴിയിലുപേക്ഷിച്ചപ്പോള്‍ ആദ്യം വിളിച്ചത് മാന്നാര്‍ പൊലീസിനെയാണ്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസ് വടക്കഞ്ചേരി പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.


