പട്ന: ബിഹാറിലെ സഹർസ ജില്ലയിൽ ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ബന്ധു അടക്കം രണ്ടുപേർക്ക് ബിഹാറിൽ വെടിയേറ്റു. മൂന്നുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിൽ. അതേസമയം വെടിയേറ്റ ഒരാളുടെ അവസ്‌ഥ ഗുരുതരമാണ്.
സുശാന്തിന്റെ ബന്ധു രാജ്കുമാർ സിങ്ങും സഹായി അലി ഹസനുമാണ് വെടിയേറ്റത്. ബിസിനസ് ആവശ്യത്തിനായി അടുത്തുള്ള മധേപുര ജില്ലയിലേക്കുള്ള യാത്രക്കിടെയായിരുന്നു അക്രമം.യാത്രയ്ക്കിടെ സഹർസ കോളജിനു സമീപത്തു വച്ച് അക്രമിസംഘം രാജ്കുമാറിന്റെ കാർ തടയുകയായിരുന്നു. വഴിയാത്രക്കാർ ഇടപെട്ട് ഇരുവരെയും ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അലി ഹസന്റെ അവസ്ഥ ഗുരുതരമാണ്.
പ്രതികളെ സംബന്ധിച്ച സൂചനകൾ ലഭ്യമായെന്നും ഉടൻ പിടിയിലാവുമെന്നും ജില്ലാ പോലീസ് മേധാവി ലിപി സിങ് പറഞ്ഞു. സ്വത്തുതർക്കത്തെ തുടർന്നുള്ള അക്രമം എന്ന സംശയമുണ്ടെങ്കിലും എല്ലാ വശവും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.


