മ്യാൻമർ: മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറി. മ്യാൻമർ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി (75) യും പ്രസിഡന്റ് വിന്‍ വിൻ മയന്റും ഉള്‍പ്പെടെയുള്ള മ്യാൻമറിലെ പ്രമുഖ നേതാക്കളെല്ലാം തടങ്കലില്‍. തിരഞ്ഞെടുപ്പിനു ശേഷം ഓങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചേരാനിക്കെയാണ് സൈനിക നീക്കം. മ്യാൻമറിൽ ആഭ്യന്തരമായി പട്ടാളം ഭരണം ഏറ്റെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ പിടിയിലാണ്.രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ എന്നിവയുടെ പ്രവര്‍ത്തനങ്ങൾ നിര്‍ത്തിവച്ചു.
പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു. നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഓങ് സാൻ സൂ ചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) വൻ ഭൂരിപക്ഷം നേടിയിരുന്നു. കഴിഞ്ഞ നവംബർ 8 ന് നടന്ന തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ട് നടന്നുവെന്നും തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന സൈന്യത്തിന്റെ നിലപാട്. അര നൂറ്റാണ്ട് നിന്ന പട്ടാളഭരണത്തിനു ശേഷം രാജ്യത്ത് നടന്ന രണ്ടാമത് പൊതുതിരഞ്ഞെടുപ്പിന് ജനകീയ പിന്തുണ വർധിച്ചതാണ് സൈനിക അട്ടിമറിയിലേക്ക് വഴിവച്ചതെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ആരോപണം. 50 വർഷം നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എൻഎൽഡി അധികാരത്തിലെത്തിയത്. നൊബേൽ സമാധാന ജേതാവായ സൂചിയുടെ ജനപ്രീതിയാണ് അതിന് സഹായിച്ചത്.
മ്യാൻമർ ദേശീയ നേതാവ് ഓങ് സാൻ സൂചിയെ അധികാരത്തിൽ നിന്നകറ്റി നിർത്തി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നൽകുന്ന രീതിയിലാണ് മ്യാൻമറിന്റെ നിലവിലെ ഭരണഘടനയുള്ളത്. ജനാധിപത്യ ഫെഡറൽ രാഷ്ട്രത്തിനു രൂപം നൽകുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുമെന്നു പ്രസിഡന്റ് വിൻ മയന്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
1988ൽ ജനാധിപത്യ പ്രക്ഷോഭത്തിൽ പട്ടാളഭരണകൂടത്തിനെതിരെ സൂചിക്കൊപ്പം നിന്നു പോരാടി തടവിലായ നേതാവാണു വിൻ മയന്റ്. പ്രസിഡന്റാണു ഭരണഘടനാപരമായി മ്യാൻമർ ഭരണത്തലവനെങ്കിലും 2016 ഏപ്രിൽ മുതൽ മ്യാൻമറിന്റെ യഥാർഥ ‘ഭരണാധികാരി’ സൂചിയാണ്.


