അന്തരിച്ച സംവിധായകൻ സച്ചിയുടെ സ്വപ്‌നം പൂർത്തികരിക്കാനായി പൃഥ്വിരാജ് സുകുമാരനും ജയൻ നമ്പ്യാരും. അയ്യപ്പനും കോശിയും പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുന്ന ദിനത്തില്‍ സച്ചിക്ക് പ്രണാമമായി പുതിയ ചിത്രം. സച്ചി ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രമാണ് ശിഷ്യന്‍ ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന ചിത്രം സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്ന് നിര്‍മിക്കുന്നു. പ്രശസ്ത എഴുത്തുകാരന്‍ ജി. ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലാണ് സിനിമയാകുന്നത്.
ജി.ആ.ര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ. ജോമോന്‍ ടി. ജോണ്‍ ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിങും ജേക്‌സ് ബിജോയ് സംഗീതവുമൊരുക്കും.
വികാരഭരിതമായ കുറിപ്പിനൊപ്പമാണ് പൃഥ്വിരാജ് സുകുമാരന്‍ വിലായത്ത് ബുദ്ധയുടെ ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. ഇത് സച്ചിയുടെ സ്വപ്‌നമായിരുന്നു, സഹോദരാ ഇത് നിനക്ക് സമര്‍പ്പിക്കുന്നും എന്നും പൃഥ്വി കുറിച്ചു
സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ പൃഥ്വിരാജ് സുകുമാരന്‍ എഴുതിയ പോസ്റ്റില്‍ അവസാനമായി ചന്ദരമരങ്ങളെക്കുറിച്ചുള്ള സിനിമയുടെ ക്ലൈമാസ് നീ എന്നോട് പറഞ്ഞിരുന്നില്ലെന്ന് ഉണ്ടായിരുന്നു. വിലായത്ത് ബുദ്ധയുടെ ക്ലൈമാക്‌സിനെക്കുറിച്ചാണ് പൃഥ്വിരാജ് പരാമര്‍ശിച്ചതും.സച്ചിക്കുള്ള സുഹൃത്തുക്കളുടെ ആദരമായാണ് വിലായത്ത് ബുദ്ധ സ്‌ക്രീനിലെത്തുന്നത്.


