കൊച്ചി: അങ്കമാലിയിൽ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയ ശേഷം പങ്കെടുക്കാതെ വഞ്ചിച്ചെന്ന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ബഹ്റൈനിൽ നടത്താനിരുന്ന പരിപാടിക്കായി 19 ലക്ഷം നൽകിയിരുന്നെന്ന പുതിയ പരാതിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.
പരാതിക്കാരൻ ഷിയാസിന്റെ മൊഴി പെരുമ്പാവൂരിൽനിന്നു എടുത്ത ശേഷമായിരിക്കും ചോദ്യം ചെയ്യൽ. അടുത്തയാഴ്ച ഇയാളിൽനിന്ന് മൊഴിയെടുക്കാനാണു ക്രൈംബ്രാഞ്ച് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ മാറിയിട്ടുണ്ട്.ഇനി കേസ് അന്വേഷണത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സജീവിനാണ് .
ഇതിനിടെ വഞ്ചനാക്കേസിൽ സണ്ണി ലിയോണി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താൻ 2016 മുതൽ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് ജാമ്യം തേടിയിരിക്കുന്നത്. സണ്ണി ലിയോണി , ഭർത്താവ് ഡാനിയൽ വെബ്ബർ, ജീവനക്കാരൻ സുനിൽ രജനി എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുളളത്.
പണം വാങ്ങി വഞ്ചിച്ചതായി ഷിയാസ് ഡിജിപിക്കു നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഈ മാസം ആദ്യം സണ്ണി ലിയോണിയെ ചോദ്യം ചെയ്തിരുന്നു. കരാർ പ്രകാരം നൽകാമെന്നേറ്റ തുക നൽകാതെ ഷോയിൽ നിർബന്ധിച്ചു പങ്കെടുപ്പിക്കാൻ ശ്രമിച്ചെന്നും വഞ്ചിച്ചെന്നും കാണിച്ചാണ് സണ്ണി ലിയോണി ഹർജി നൽകിയിരിക്കുന്നത്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.


