ദൃശ്യം 2ന് ലഭിച്ചുകൊണ്ടരിക്കുന്ന മികച്ച പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് മോഹന്‍ലാൽ. ആളുകളുടെ അകമഴിഞ്ഞ സ്നേഹത്തിന് നന്ദി അറിയിച്ച അദ്ദേഹം ഈ സ്നേഹവും പിന്തുണയുമാണ് കൂടുതൽ മികച്ചതാകാൻ തനിക്കു പ്രചോദനം നൽകുന്നതെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ഫെബ്രുവരി 19നാണ് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തുന്നത്. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ദൃശ്യം 2ന് ലഭിക്കുന്ന അതിശയകരമായ പ്രതികരണത്തിൽ അതിയായ സന്തോഷമുണ്ട്. നിങ്ങളിൽ പലരും ഇതിനകം തന്നെ സിനിമ കണ്ട്, വിളിച്ചും സന്ദേശങ്ങളായും അഭിനന്ദനം അറിയിച്ചു എന്നതും വളരെയേറെ സന്തോഷം നൽകുന്നു. നല്ല സിനിമകളെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ എല്ലായ്പ്പോഴും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ദൃശ്യം 2 ന്റെ വിജയം. സിനിമാ സ്നേഹിക്കുന്ന പൊതുജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് നമ്മെത്തന്നെ നിരന്തരം മെച്ചപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്. അകമഴിഞ്ഞ ഈ സ്നേഹത്തിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ആത്മാർത്ഥമായ നന്ദി. എനിക്കും ദൃശ്യം ടീമിലെ എല്ലാവർക്കും ഇത് ഒരു വലിയ കാര്യം തന്നെയാണെന്നും മോഹൻലാൽ പറയുന്നു.