ഗായികയും അവതാരകയും നടിയുമായ റിമി ടോമി തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ആരാധകരോടു സംവദിക്കാനും റിമി സമയം കണ്ടെത്താറുണ്ട്. ഇക്കഴിഞ്ഞ ദിവസം റിമി പങ്കുവച്ച വർക്കൗട്ട് ചിത്രത്തിനു താഴെ വന്ന കമന്റിന് റിമി കൊടുത്ത മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാക്കുന്നത്. ‘വർക്കൗട്ട് ചെയ്യുമ്പോഴും മേക്കപ് ഇടുമോ’ എന്നായിരുന്നു ചിത്രം കണ്ട് ഒരാളുടെ ചോദ്യം. അതിന് റിമി ടോമിയുടെ കിടിലൻ മറുപടിയുമെത്തി. ‘ഇത് B612 ആപ്പിൽ പകര്‍ത്തിയ ചിത്രമാണെന്നും ഈ ചോദ്യമൊന്നു മാറ്റിപ്പിടിക്കൂ എന്നും റിമി കുറിച്ചു. ‘ഇനി അഥവാ ഇത്തിരി മേക്കപ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ സഹോദരാ? നിങ്ങളുടെ മുഖത്ത് ഞാൻ നിർബന്ധിച്ച് ഇട്ടോ എന്നുമായിരുന്നു റിമിയുടെ മറുപടി.
മേരികോം ആകുവോ എന്നായിരുന്നു റിമിയുടെ ചിത്രം കണ്ട് സീരിയൽ താരം വിവേക് ഗോപന്റെ ചോദ്യം. ‘ചിലപ്പോൾ ആയിക്കൂടായ്കയില്ല. വെറുതെ പ്രോത്സാഹിപ്പിക്കല്ലേ’ എന്നായിരുന്നു ഗായികയുടെ രസകരമായ മറുപടി.
ഇതിനു മുൻപും റിമി ടോമി വർക്കൗട്ട് ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് ജിമ്മിൽ പോകാൻ സാധിക്കാതെ വന്നതോടെ റിമി ഫ്ലാസ്ക് കയ്യിൽ പിടിച്ച് ഡംബെൽ ആക്കി വർക്കൗട്ട് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പരിഹസിച്ചവരുടെ വായടപ്പിക്കും വിധത്തിൽ ഗായിക മറുപടി കൊടുത്തിട്ടുമുണ്ട്.


