തിരുവനന്തപുരം: സര്‍ക്കാരിനെ നേരിടാനാകാതെ പ്രതിപക്ഷം നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരേപിച്ചു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ആണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്.
സാധാരണ ഗതിയില്‍ വിജയിക്കാന്‍ പറ്റാത്ത പ്രതിസന്ധികളെയാണ് സംസ്ഥാനം നേരിട്ടത്. ഓഖിയും നിപയും നൂറ്റാണ്ടിലെ വലിയ പ്രളയവും തൊട്ടുപിന്നാലെ വന്ന കാലവര്‍ഷക്കെടുതിയും അതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് ഇതിനൊന്നും പ്രത്യേക ഇടവേളകളുണ്ടായില്ല. ഇതെല്ലാം ഉണ്ടായിട്ടും ജനങ്ങള്‍ പ്രതീക്ഷിച്ച രീതിയിലുള്ള വികസനം നാട്ടില്‍ നടന്നു. ഈ പ്രതിസന്ധികളെയെല്ലാം ജനങ്ങളെ ഒന്നിച്ചുനിര്‍ത്തി നാടിന്റെ ഐക്യത്തോടെയും ഒരുമയോടെയും നേരിടാനായി. വികസന കാര്യങ്ങളില്‍ പുറകോട്ട് പോയില്ല. അതേസമയം ജനക്ഷേമകരമായ കാര്യങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. ഇത്തരം ഒരു ഘട്ടത്തില്‍ ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയാവുന്നതിന്റെ പരമാവധി ചെയ്ത സര്‍ക്കാരാണെന്ന പൂര്‍ണ ബോധ്യത്തോടെയാണ് ജനങ്ങള്‍ സര്‍ക്കാരിനെ സമീപിക്കുന്നത്. ഇതിനെ നേരിടാന്‍ പ്രതിപക്ഷമെന്ന നിലയ്ക്ക് കോണ്‍ഗ്രസിനും യുഡിഎഫിനും ബിജെപിക്കോ മറ്റുമാര്‍ഗങ്ങളൊന്നുമില്ല. അതുകൊണ്ട് അവര്‍ വലിയ തോതിലുള്ള നുണക്കഥകളെയാണ് ആശ്രയിക്കുന്നത്. അതിന്റെ ഭാഗമായി ഒരു പാട് കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു-മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

