റാന്നി : സ്ഥാനാർഥി നിർണയ ചർച്ച പുരോഗമിക്കവേ, മുന്നണികൾക്കുള്ളിലെ ആശയക്കുഴപ്പങ്ങളും സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിഷേധവും വാർത്തകളിൽ ഇടംപിടിച്ച മണ്ഡലങ്ങളിൽ ഒന്നാണ് റാന്നി. മുന്നണികൾക്കുള്ളിൽ മാറിയ സമവാക്യങ്ങൾ റാന്നിയുടെ തിരഞ്ഞെടുപ്പ് ചിത്രത്തെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കാൽനൂറ്റാണ്ടിനിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ വലിയ കോളിളക്കങ്ങൾക്കൊന്നും ഇടം കൊടുക്കാതെ അങ്ങെനയാരും പ്രത്യേക ശ്രദ്ധ നൽകാതിരുന്ന മണ്ഡലത്തിൽ ഇത്തവണ അതല്ല സ്ഥിതി. ഇടതു–വലതു പാളയത്തിലെ നീക്കങ്ങൾക്കൊപ്പം പ്രതീക്ഷകളുമായി എൻഡിഎയും കണ്ണെറിയുമ്പോൾ മണ്ഡലം വാശിയേറിയ രാഷ്ട്രീയപ്പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി വരുന്ന നിയമസഭ തിരഞ്ഞെടുപ്പ്, ജോസ് കെ. മാണി ഇടതുതട്ടകത്തിൽ എത്തിയതിനു പിന്നാലെ നടന്ന സീറ്റ് വിഭജനത്തിൽ അപ്രതീക്ഷിതമായി നൽകിയ മണ്ഡലം, അതിനെ ചൊല്ലി മുന്നണിയിൽ ഉടലെടുത്ത ഉൾപോര് – ഇങ്ങനെ നിരവധി പ്രത്യേകതകളുണ്ട് ഇത്തവണ റാന്നിക്ക്.
പത്തനംതിട്ട ജില്ലയിലെ മറ്റു നാലു മണ്ഡലങ്ങളും ഇടത്തേക്കും വലത്തേക്കും നീങ്ങിയപ്പോഴും 25 വർഷമായി രാജു എബ്രഹാമിലൂടെ ചുവപ്പുകോട്ടയായി നിലനിന്ന മണ്ഡലമാണ് റാന്നി. 1996 ൽ കോൺഗ്രസിന്റെ പീലിപ്പോസ് തോമസിനെ തോൽപ്പിച്ചു കയ്യടക്കിയ റാന്നി പിന്നീടിതുവരെ അരിവാൾ ചുറ്റിക നക്ഷത്രത്തോടല്ലാതെ മറ്റൊന്നിനോടും ആഭിമുഖ്യം പുലർത്തിയിട്ടില്ല. എന്നാൽ രണ്ടുതവണ മത്സരിച്ച് ജയിച്ച് എംഎൽഎ ആയവർ ഇനി മത്സരരംഗത്ത് വേണ്ട എന്ന സിപിഎമ്മിന്റെ തീരുമാനം വന്നതോടെ അഞ്ചു തവണ റാന്നിയുടെ എംഎൽഎയായ രാജു എബ്രഹാമിന്റെ പേര് ഇടതുമുന്നണി റാന്നിയിൽ നിന്നു വെട്ടി. പത്തനംതിട്ട ജില്ലയിൽ ഒരു മണ്ഡലം തേടിയ പുതിയ സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസിന് ഈ മണ്ഡലം വിട്ടു നൽകുകയും ചെയ്തു. ഇതോടെ 25 വർഷത്തിനിപ്പുറം വാശിയേറിയ ഒരു പോരാട്ടത്തിന് കളമൊരുങ്ങുകയാണ് റാന്നിയിൽ.

