ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ബിജെപി എംപി രാം സ്വരൂപ് ശർമയെ(62) ഡൽഹിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണോ എന്ന് പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സ്വന്തം മുറിയിൽ സീലിങ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.
ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് ശർമയുടെ അസിസ്റ്റന്റ ആണ് പോലീസിനെ വിവരം അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. ‘അകത്തുനിന്നു പൂട്ടിയ മുറിയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല’.കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് ഇന്നു രാവിലെ കൂടാനിരുന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗം റദ്ദാക്കി. മാൻഡി മണ്ഡലത്തിൽനിന്ന് 2014ലും 2019ലും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടയാളാണ് ശർമ.

