തിരുവനന്തപുരം : കിഫ്ബിയുടേത് ഊതിപ്പെരുപ്പിച്ച വികസനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിനു മറുപടിയുമായി കിഫ്ബി. ‘നാളിതുവരെ 63250.66 കോടി രൂപയുടെ 889 പദ്ധതികൾക്കാണ് കിഫ്ബി ധനാനുമതി നൽകിയിട്ടുള്ളത്. 2020-21 വർഷം ചെലവഴിച്ച 4438.62 കോടി രൂപ അടക്കം ആകെ 9452.79 കോടി വിവിധ പദ്ധതികൾക്കായി വിനിയോഗിച്ചു കഴിഞ്ഞു. വിനിയോഗം ദിനംപ്രതി വർധിക്കുകയുമാണ്. കിഫ്ബി വഴി നടപ്പാക്കിയതു സംസ്ഥാനചരിത്രത്തിൽതന്നെ സമാനതകളില്ലാത്ത വികസനമാണ്’ എന്നും സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ കിഫ്ബി വിശദീകരിച്ചു.
‘നിയമസഭയോടും മന്ത്രിസഭയോടും ഉത്തരവാദിത്തമോ ബാധ്യതയോ ഇല്ലാത്ത സ്ഥാപനമായ കിഫ്ബി വലിയ തട്ടിപ്പാണ്. ജനാധിപത്യ സംവിധാനത്തില്‍ നിയമസഭ വോട്ട് ചെയ്തു പാസ്സാക്കുന്ന ഓരോ പൈസയുമാണു സർക്കാർ ചെലവഴിക്കേണ്ടത്. എന്നാല്‍ നിയമസഭയ്ക്കും ഭരണത്തിനും ധനകാര്യ വ്യവസ്ഥിതിക്കും പുറത്ത് ധനസമാഹരണവും ചെലവിടലുമാണു കിഫ്ബിയില്‍. സ്വതന്ത്ര സാമ്രാജ്യത്തെപ്പോലെയാണു പ്രവര്‍ത്തനം. കിഫ്ബിയുടെ പ്രവര്‍ത്തനത്തില്‍ നിറഞ്ഞു നില്‍ക്കുന്നതു നിഗൂഢതയാണ്. ഇത് കേരളത്തെ കടക്കെണിയിലാക്കും’– എന്നാണ് ചെന്നിത്തല പറഞ്ഞിരുന്നത്. ഈ വിമർശങ്ങനങ്ങൾക്കാണ് കിഫ്ബി മറുപടി നൽകിയത്

