കോഴിക്കോട്: മന്ത്രി എ.കെ.ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂർ സീറ്റിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ചു കൊണ്ട് വിമത സ്ഥാനാർഥി യു.വി.ദിനേശ് മണി പത്രിക സമർപ്പിച്ചു. എലത്തൂർ സീറ്റിൽ സ്വന്തം സ്ഥാനാർഥിയെ കോൺഗ്രസ് പ്രാദേശിക നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എൻസികെ സ്ഥാനാർഥി സുൽഫിക്കർ മയൂരിയും പത്രിക നൽകി പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ഇടപെടുമെന്നാണ് എൻസികെയുടെ പ്രതീക്ഷ. ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ നീക്കം നടത്തിയാൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ചേളന്നൂരിൽ ഡിസിസി ജനറൽ സെക്രട്ടറി ടി.കെ.രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന എലത്തൂർ മണ്ഡലം കോൺഗ്രസ് നേതൃയോഗത്തിൽ മണ്ഡലം പ്രസിഡന്റുമാരും പോഷക സംഘടനകളുടെ ജില്ലാ നേതാക്കളും പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ വച്ചായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം. മന്ത്രി എ.കെ.ശശീന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മണ്ഡലത്തിൽ മാണി സി.കാപ്പന്റെ എൻസികെ പാർട്ടിക്കാണു യുഡിഎഫ് സീറ്റ് നൽകിയത്.

