തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎം നിലപാട് ആത്മാർഥതയില്ലാത്തതാണെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു. കോടതി വിധി എല്ലാവരുമായി ചർച്ചചെയ്തേ നടപ്പാക്കൂ എന്നു പറയുന്ന മുഖ്യമന്ത്രി, കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തെക്കുറിച്ചു മൗനം പാലിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
ശബരിമലയിൽ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതു തിരഞ്ഞെടുപ്പു വിഷയം ആക്കാൻ ആഗ്രഹിക്കാത്തതിനാൽ അന്നു യുഡിഎഫ് ചർച്ചയാക്കിയില്ല. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം അധികാരമേറ്റ പിണറായി സർക്കാർ അതു പിൻവലിച്ച് പൂർണമായും വിരുദ്ധമായ പുതിയ സത്യവാങ്മൂലം നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിധി വന്നത്. ഈ സത്യവാങ്മൂലം പിണറായി സർക്കാർ നൽകാതിരുന്നെങ്കിൽ കോടതിവിധി മറിച്ചാകുമായിരുന്നു. ആചാരാനുഷ്ഠാനങ്ങളെ ശക്തമായി എതിർക്കുന്ന സത്യവാങ്മൂലം നൽകിയ ശേഷമാണ് ഇപ്പോൾ ചർച്ചയെക്കുറിച്ചു മുഖ്യമന്ത്രി പറയുന്നത്. സർക്കാരിന്റെ സത്യവാങ്മൂലം നിലനിൽക്കെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനം ആത്മാർഥതയില്ലാത്തതാണെന്നും അദേഹം കുറ്റപ്പെടുത്തി. കടകംപള്ളിയെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തള്ളിപ്പറയുകയും ചെയ്തു. വിശ്വാസങ്ങളെയും ആചാരങ്ങളെയും ജാതീയമെന്നു പറഞ്ഞു തള്ളാനാവില്ല. ഭരണഘടന അനുവദിക്കുന്ന അവകാശമാണതെന്നും അദ്ദേഹം വ്യക്തമാക്കി.

