Hot Posts

6/recent/ticker-posts

കേരളത്തിൽ പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കുന്നത് വൈകും - BMTV




കൊച്ചി : കോവിഡിനു തുടർന്നു നിർത്തിവച്ച പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നതു സംസ്ഥാനത്തു വീണ്ടും വൈകിയേക്കും. കടുത്ത കോച്ച് ക്ഷാമമാണു കേരളത്തിലെ രണ്ടു റെയിൽവേ ഡ‍ിവിഷനുകളും നേരിടുന്നത്. 20 വർഷം പഴക്കമുള്ള കോച്ചുകൾ ഒഴിവാക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചതോടെ ഉണ്ടായിരുന്ന പാസഞ്ചർ റേക്കുകൾ പലതും കണ്ടംചെയ്യാനായി മാറ്റിയിരിക്കുകയാണ്.
പാസഞ്ചറിനു പകരം മെമു ട്രെയിനുകൾ നൽകുമെന്നു പറയുന്നുണ്ടെങ്കിലും 8 റേക്കുകൾ തിരുവനന്തപുരം ഡിവിഷനു മാത്രം വേണം. ഇതിൽ 4 റേക്കുകൾ ഈ വർഷം ലഭിക്കുമെന്നാണ് സൂചന. പിൻവലിച്ച പഴയ കോച്ചുകളിൽ ജനറൽ കോച്ചുകൾക്കു പുറമേ ധാരാളം തേഡ് എസി കോച്ചുകളുമുണ്ട്. പിൻവലിച്ച കോച്ചുകൾക്ക് ആനുപാതികമായി പുതിയ കോച്ചുകൾ ഇനിയും കേരളത്തിനു ലഭിക്കേണ്ടതുണ്ട്. പൂർണമായും എൽഎച്ച്ബി കോച്ചുകളിലേക്കു മാറുകയാണെന്നു റെയിൽവേ പ്രഖ്യാപിക്കുമ്പോഴും തിരുവനന്തപുരം ഡിവിഷനിൽ കൊച്ചുവേളിയിൽ മാത്രമാണ് എൽഎച്ച്ബി റേക്കുകളുടെ അറ്റകുറ്റപ്പണി നടക്കുന്നത്. കേരള എക്സ്പ്രസ് 5 റേക്കുകൾ കൊണ്ടു ഓടിച്ചു ലാഭം ഉണ്ടാക്കാമെങ്കിലും മെക്കാനിക്കൽ വിഭാഗത്തിന്റെ പിടിപ്പുകേട് കൊണ്ടു ഇതുവരെ സാധിച്ചിട്ടില്ല.


കൊച്ചുവേളിയിൽ കേരളയുടെ അറ്റകുറ്റപ്പണി തുടരുന്നതിനാലാണ് 6 റേക്ക് ഇപ്പോഴും വേണ്ടി വരുന്നത്. എന്നാൽ തിരുവനന്തപുരം സെൻട്രലിൽ ആധുനിക പിറ്റ്‌ലൈൻ സൗകര്യം ഏർപ്പെടുത്തിയാൽ അറ്റകുറ്റപ്പണി അവിടേക്കു മാറ്റി ഒരു റേക്ക് ലാഭിക്കാൻ കഴിയും. ഒഴിവാക്കുന്ന റേക്ക് മറ്റ് ഏതെങ്കിലും സർവീസിന് ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ തിരുവനന്തപുരത്തെ അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‌ലൈനുകൾ ആധുനികവൽക്കരിക്കാൻ മെക്കാനിക്കൽ വിഭാഗം നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.   എറണാകുളത്തും ആധുനിക എൽഎച്ച്ബി കോച്ചുകളുടെ പ്രാഥമിക അറ്റകുറ്റപ്പണി സൗകര്യം ഇല്ല. പൂർണമായും എൽഎച്ച്ബിയിലേക്കു റെയിൽവേ മാറുമ്പോൾ  ഒരിടത്തു മാത്രമേ എൽഎച്ച്ബി കോച്ചുകൾ കൈകാര്യം ചെയ്യൂവെന്ന മെക്കാനിക്കൽ വിഭാഗത്തിന്റെ അനാവശ്യ പിടിവാശിയാണു കാര്യങ്ങൾ വഷളാക്കുന്നത്.


'
Reactions