ഡൽഹി ∙ രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ 1.5 ലക്ഷം പിന്നിട്ടു. പുതിയതായി 1,52,879 പേർക്കാണു കോവിഡ് ബാധിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 1,33,58,805 ആയി. 11,08,087 പേരാണു ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 839 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,69,275 ആയി. ചികിത്സയിലായിരുന്ന 90,584 പേരെ ഡിസ്ചാർജ് ചെയ്തു. രോഗമുക്തരുടെ ആകെ എണ്ണം 1,20,81,443.
തുടർച്ചയായ അഞ്ചാം ദിവസമാണു കോവിഡ് കേസുകൾ ഒരു ലക്ഷത്തിനു മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. മൊത്തം സജീവ കേസുകളുടെ 72.23 ശതമാനം മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, കേരള എന്നീ സംസ്ഥാനങ്ങളിലാണ്. കോവിഡ് കേസുകൾ കൂടുന്നതിനിടെ വാക്സിനേഷൻ പദ്ധതിയും പുരോഗമിക്കുകയാണ്. ആകെ 10,15,95,147 പേർക്കു പ്രതിരോധ വാക്സീൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
