തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പെട്ടിരുന്നെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലെപ്പോലെ അട്ടിമറി ഇത്തവണയും നടന്നോയെന്ന് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഉടന്‍ സമിതിയെ നിയോഗിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായരുടെ ഉപയോഗിക്കാത്ത പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയതോടെയാണ് വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപം ശക്തമായത്. അന്വേഷണം നടത്തിയ ഡിസിസി പോസ്റ്റര്‍ വിറ്റ മണ്ഡലം ട്രഷററെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെങ്കിലും വീഴ്ചയുടെ ആഴം അതിലും കൂടുതലാണെന്നാണ് കെപിസിസിയുടെ നിഗമനം.
2016 ല്‍ കെ.മുരളീധരന്‍ 51,000 വോട്ട് നേടിയ സ്ഥാനത്ത് ഉപതിരഞ്ഞെടുപ്പില്‍ 40,000 വോട്ടേ കോണ്‍ഗ്രസിന് നേടാനായിരുന്നുള്ളു. നേമത്ത് കെ. മുരളീധരന്‍ ജയിക്കുമെന്നാണ് ഇതുവരെയുള്ള വിലയിരുത്തലെന്നും മുല്ലപ്പള്ളി പറഞ്ഞു. മഞ്ചേശ്വരത്തിന്റെ കാര്യത്തില്‍ ഇനി അഭിപ്രായം പറയാനില്ല. മഞ്ചേശ്വരത്ത് സിപിഎം വോട്ടുകള്‍ ബിജെപിക്ക് പോയിട്ടുണ്ടെന്നും ഫലത്തില്‍ ആശങ്കയുണ്ടെന്നുമായിരുന്നു വോട്ടെടുപ്പിന് പിന്നാലെ മുല്ലപ്പള്ളിയുടെ പ്രതികരണം.
