നടി സുരഭി ലക്ഷ്മിയുടെ മേക്കോവർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ഇപ്പോൾ വൈറൽ. ശരീര സൗന്ദര്യത്തിന് അധികം പ്രാധാന്യം നൽകാതിരുന്ന ആളായിരുന്നു താൻ. എന്നാൽ ജിമ്മിൽ വർക്കൗട്ട് ചെയ്ത് തുടങ്ങിയതോടെയാണ് ഇതിന്റെ ഗുണം മനസിലായി തുടങ്ങിയതെന്ന് സുരഭി പറയുന്നു.
‘ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നെങ്കിലും വർക്കൗട്ട് തുടങ്ങിയതിനു ശേഷം മുടങ്ങി പോകൽ ആയിരുന്നു പതിവ്. എന്നാൽ ദുൽഖർ ചിത്രം കുറുപ്പിന്റെ ഷൂട്ടിന് പോയപ്പോൾ, ഡിക്യുവിന്റെ പേഴ്സനൽ ട്രെയിനർ അരുൺ നൽകിയ നിർദ്ദേശങ്ങളാണ് ശരീരം ഹെൽത്തി ആയി സൂക്ഷിക്കണം എന്ന ഉറച്ച തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. കുറുപ്പിന്റെ ഷൂട്ടിനു ശേഷം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീണ്ടും വർക്കൗട്ട് മുടങ്ങി.’
ലോക്ഡൗൺ അവസാനിക്കാറായ സമയത്ത് തടി കൂടുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഫ്രണ്ടും ട്രെയിനറുമായ രൂപേഷ് രഘുനാഥിനെ കണ്ടുമുട്ടുന്നത്. ലോക്ഡൗണിന് ശേഷം ജിമ്മുകൾ തുറക്കാത്ത സാഹചര്യം ആയതിനാൽ ആദ്യം വീട്ടിൽ ആയിരുന്നു ട്രെയിനിങ്, അതിനു ശേഷം കോഴിക്കോട് ലൈഫ് ജിമ്മിൽ വർക്കൗട്ട് തുടരുകയായിരുന്നു.
വർക്കൗട്ട് ആരംഭിച്ചെങ്കിലും പിന്നീട് സിനിമകളുടെ തിരക്കിലേക്ക് പോയതോടെ ഇടക്ക് വർക്കൗട്ട് മുടങ്ങിയിരുന്നു. എന്നാൽ സമയം കിട്ടുമ്പോളൊക്കെ ജിമ്മിൽ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ പതുക്കെ ജിമ്മും വർക്കൗട്ടും ലൈഫിന്റെ ഒരു ഭാഗമായി മാറ്റിയെടുത്തു. സാധാരണ കഴിക്കാറുള്ള ഇഷ്ട ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ലാനിന് പകരം ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാതെ തന്നെ, അതിന്റെ അളവ് കുറച്ച് കൊണ്ടുള്ള ഫാറ്റ് ലോസ് ഡയറ്റ് പ്ലാൻ ഫോളോ ചെയ്യാനാണ് ട്രെയിനറായ രൂപേഷ് രഘുനാഥ് നിർദ്ദേശിച്ചത്. അതിന്റെ മാറ്റം നല്ലപോലെ അറിയാനുണ്ടെന്നു താരം പറയുന്നു.
