ഹരിദ്വാർ: കുംഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് ഹരിദ്വാറില്‍ കോവിഡ് സ്ഥിരീകരിച്ചു. സന്യാസിമാർക്കിടയിൽ ആർടി-പിസിആർ പരിശോധന തുടർച്ചയായി നടക്കുന്നുവെന്നും ഏപ്രിൽ 17 മുതൽ പരിശോധന കൂടുതൽ വേഗത്തിലാക്കുമെന്നും ഹരിദ്വാർ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എസ്.കെ.ഝാ പറഞ്ഞു. കുംഭമേളയില്‍ നിന്ന് പിന്മാറുന്നതായി 13 അഖാഡകളിലൊന്നായ നിരഞ്ജനി അറിയിച്ചു.
ഹരിദ്വാറിലെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും തീര്‍ത്ഥാടകരില്‍ പലര്‍ക്കും രോഗം സ്ഥീരീകരിക്കുകയും ചെയ്ത സാഹചര്യവും കണക്കിലെടുത്ത് കുംഭമേള അവസാനിപ്പിക്കുകയാണെന്ന് നിരഞ്ജനി അഖാഢ സെക്രട്ടറി രവീന്ദ്ര പുരി മഹാരാജ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അഖാഢ പരിഷത്താണ് എടുക്കേണ്ടതെന്നും അതിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, താജ്മഹല്‍,ആഗ്ര ഫോര്‍ട്ട്, ഫത്തേപൂര്‍ സിക്രി എന്നിവ മേയ് 15 വരെ അടച്ചു. കോവിഡ് കണക്കിലെടുത്താണ് തീരുമാനം.
