Hot Posts

6/recent/ticker-posts

കഞ്ചാവ് കച്ചവടത്തിന് യൂട്യൂബ് ചാനല്‍ മറ; വിനയായത് അര്‍ധരാത്രിയിലെ മീന്‍പിടിത്തം

തൃശ്ശൂര്‍: യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവുകച്ചവടം. സംഭവത്തിൽ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഇയാളില്‍നിന്ന് ഒന്നരക്കിലോ കഞ്ചാവും പിടിച്ചെടുത്തു. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്തുപറമ്പില്‍ സനൂപ് (32) ആണ് എക്‌സൈസ് പിടിയിലായത്. സനൂപ് മീന്‍പിടിത്തം സംബന്ധിച്ച യൂട്യൂബ് ചാനലാണ് നടത്തിയിരുന്നത്. സബ്‌സ്‌ക്രൈബേഴ്‌സ് ആയിവരുന്ന വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും മീന്‍പിടിത്തം പരിശീലിപ്പിക്കാന്‍ എന്ന പേരില്‍ മണലിപ്പുഴയിലെ കൈനൂര്‍ച്ചിറ ഭാഗത്തേക്ക് വിളിച്ചുവരുത്തുകയും ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും ചെയ്യും. തുടര്‍ന്ന് സ്ഥിരം ഉപഭോക്താക്കളാക്കും. അഞ്ഞൂറുരൂപയുടെ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. പോലൂക്കര, മൂര്‍ക്കനിക്കര പ്രദേശങ്ങളിലെ പല ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും ഇയാളുടെ വലയത്തിലായതായി ബോധ്യപ്പെട്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. കൗണ്‍സിലിങ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ചികിത്സ നല്‍കുന്നതിനും നടപടിയെടുക്കുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനന്‍ ടി.ആര്‍. അറിയിച്ചു. അന്വേഷണസംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് സി.യു., പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എം. സജീവ്, ടി.ആര്‍. സുനില്‍കുമാര്‍, രാജേഷ്, രാജു, ഡ്രൈവര്‍ റഫീക്ക് എന്നിവരുണ്ടായിരുന്നു. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

സംഭവത്തിൽ സംശയമുണ്ടാക്കിയത് അര്‍ധരാത്രിയിലെ മീന്‍പിടിത്തം. അര്‍ധരാത്രിയില്‍ മീന്‍പിടിത്തത്തിന്റെ പേരില്‍ കുട്ടികള്‍ കൈനൂര്‍ച്ചിറയ്ക്കു സമീപം എത്തിയതോടെയാണ് പലരിലും സംശയമുണർന്നത്. അധികൃതര്‍ വരുന്നത് ദൂരെനിന്നുതന്നെ കാണാമെന്നതിനാല്‍ പലപ്പോഴും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം വില്‍പ്പനയ്ക്കുള്ള കഞ്ചാവ് എത്തിയെന്ന വിവരം കിട്ടിയപ്പോഴാണ് അധികൃതര്‍ പരിശോധന നടത്തിയത്. തമിഴ്‌നാട്ടില്‍നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് സനൂപ് മൊഴി നല്‍കി. 







Reactions