Hot Posts

6/recent/ticker-posts

കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവ്!


കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. കുഞ്ഞിനെ അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്നും ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ - സൂസന്‍ ദമ്പതികളുടെ മകന്‍ ഇഹാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വീട്ടിൽ കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.  വായിൽ നിന്ന് നുര പുറത്തു വന്ന നിലയിലായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം. സംഭവസമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. സ്വകാര്യ ആശുപതിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. 



സൂസന് മാനസിക പ്രശ്നങ്ങളുള്ളതായും അതിന് മരുന്ന് കഴിച്ചിരുന്നതായും ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. കുഞ്ഞിൻ്റെ ശരീരത്തിൽ ബലപ്രയോഗത്തിൻ്റെ ലക്ഷണങ്ങളോ പാടുകളോ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ മാതാവിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. കുഞ്ഞു കരയുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതിനാൽ മാതാവ് വായും മൂക്കും പൊത്തി പിടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മാനസിക വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷം സൂസൻ്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിൻ്റെ നീക്കം. 







Reactions