Hot Posts

6/recent/ticker-posts

കൊച്ചിയില്‍ ഒന്നരവയസുകാരിയെ മുക്കിക്കൊന്നു; മുത്തശിയുടെ സുഹൃത്ത്‌ പിടിയില്‍


കൊച്ചി: കലൂരിലെ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് സംഭവം. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ഛര്‍ദ്ദിച്ച് അവശനിലയിലായി എന്ന് പറഞ്ഞാണ് കുഞ്ഞിനെ മുത്തശിയും സുഹൃത്തും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 



ആശുപത്രിയില്‍ എത്തും മുമ്പേ കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു. മുത്തശിയുടെയും സുഹൃത്തിന്റെയും മൊഴിയില്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സംഭവം കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു.


ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിനെ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. പള്ളുരുത്തി സ്വദേശിയായ ജോണ്‍ ബിനോയ് ഡിക്രൂസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കുട്ടിയുടെ മുത്തശിയും ബിനോയിയും ചേര്‍ന്നാണ് ഹോട്ടലില്‍ മുറിയെടുത്തത്. 46കാരിയായ കുട്ടിയുടെ മുത്തശിയും പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അങ്കമാലി സ്വദേശിനിയാണ് ഇവര്‍.

ശനിയാഴ്ച വൈകിട്ടാണ് മുത്തശിയും സുഹൃത്തും ഹോട്ടലില്‍ മുറിയെടുക്കുന്നത്. ഒന്നര വയസുകാരിക്ക് പുറമെ 4 വയസുള്ള ഒരു ആണ്‍കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞിന് സുഖമില്ലെന്നും വൈദ്യസഹായം തേടണമെന്നും ആവശ്യപ്പെട്ട് ഇവര്‍ റിസപ്ഷനില്‍ എത്തുന്നത്. ഈ സമയം സുഹൃത്തും നാല് വയസുകാരനും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

പരിശോധനയില്‍ കുട്ടി മുങ്ങി മരിച്ചതാണെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായി. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മരിച്ച കുഞ്ഞിന്റെ മാതാവ് വിദേശത്താണെന്നാണ്‌ വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.



Reactions