തൊടുപുഴ: നഗരത്തിലെ വെയിറ്റിംഗ് ഷെഡിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ മരിച്ചത് മദ്യത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിലെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാമറ്റം സ്വദേശിനി തെക്കേതിൽ വീട്ടിൽ സെലീന (50) അറസ്റ്റിലായി. ഉടുമ്പനനൂർ നടുപ്പറമ്പിൽ അബ്ദുൾ സലാം ആണ് മരിച്ചത്.
അമിത രക്തസ്രാവത്തെത്തുർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ലഹരിക്ക് അടിമയായ സെലീന നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സ്ത്രീയാണെന്ന് പൊലീസ് പറയുന്നു. തൊടുപുഴ ടൗൺ ഹാളിന് സമീപത്തെ വെയിറ്റിംഗ് ഷെഡിൽ സ്ഥിരമായി കിടന്നുങ്ങുന്ന അബ്ദുൾ സലാം പിടിച്ചുപറി- മോഷണ കേസുകളിലെ പ്രതിയാണ്. സെലീന മുമ്പും ആളുകളെ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്.
അബ്ദുൾ സലാമിന്റെ പക്കലുണ്ടായിരുന്ന മദ്യം തനിക്ക് വേണമെന്ന് സെലീന ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വാക്കേറ്റവും തുടർന്നുള്ള സംഭവങ്ങളും ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സെലീനയെ ചോദ്യം ചെയ്യുകയും അറസ്റ്റ്ചെയ്യുകയും ചെയ്തു. അക്രമ സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രം ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

