Hot Posts

6/recent/ticker-posts

അതിവേഗ നിർമാണ പ്രവർത്തനങ്ങൾ; കോട്ടയത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം


കോട്ടയം: കേരളത്തിന്റെ റെയിൽവേ ചരിത്രം മാറ്റിയെഴുതാനുള്ള അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾക്കു നാളെ തുടക്കം. ചിങ്ങവനം– ഏറ്റുമാനൂർ സ്ട്രെച്ചിലെ ഇരട്ടപ്പാത നിർമാണത്തിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾക്കായാണ് നാളെ മുതൽ കോട്ടയം റെയിൽപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.



ആദ്യഘട്ടമായി മേയ് 12 വരെയും രണ്ടാം ഘട്ടമായി 13 മുതൽ 23 വരെയും 3 മുതൽ ആറ് മണിക്കൂർ വരെയാണ് രാവിലെ ട്രെയിനുകൾക്കു നിയന്ത്രണം. കോട്ടയം സ്റ്റേഷനിലെ 2, 3, 4, 5 പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടാനുള്ള നടപടി ആരംഭിക്കും. ഗുഡ്സ് പ്ലാറ്റ്ഫോമിന്റെയും നീളം വർധിപ്പിക്കും.∙



എറണാകുളം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തു നിന്നും വരുന്ന റെയിൽവേ ലൈനുകൾ കോട്ടയം സ്റ്റേഷനിലെ 6 ലൈനുകളിലേക്ക് ചേർക്കും. സിഗ്നൽ നവീകരണവും നടക്കും.  നാളെ മുതൽ 23 വരെ കോട്ടയം സ്റ്റേഷനിൽ 1, 2 പ്ലാറ്റ്ഫോമുകളോടു ചേർന്നു കിടക്കുന്ന പാതയിലൂടെ മാത്രമേ ട്രെയിൻ ഓടുകയുള്ളൂ. 

കോട്ടയം വഴി ട്രെയിൻ കടന്നു പോകുമെങ്കിലും പാസഞ്ചർ ട്രെയിനുകൾ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ രാത്രി നിർത്തിയിടാൻ സാധിക്കില്ല. 24 മുതൽ 28 വരെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലൂടെ മാത്രമേ ട്രെയിൻ ഓടുകയുള്ളൂ. 28ന് ഇരട്ടപ്പാത യാഥാർഥ്യമാകുന്നതോടെ എല്ലാ ലൈനുകളും തുറക്കും. 

ഇരട്ടപ്പാത യാഥാർഥ്യമാകുന്നതോടെ കോട്ടയം റെയിൽവേ സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങളിൽ സംസ്ഥാനത്തെ മുൻനിര സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം പിടിക്കും. റെയിൽവേ സ്റ്റേഷനിൽ 5 പ്ലാറ്റ്ഫോമുകൾ വരും. ∙5 പ്ലാറ്റ്ഫോമുകൾ വരുന്നതോടെ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ സാധിക്കുന്ന സ്റ്റേഷനായി കോട്ടയം മാറും.
Reactions