പ്ലസ് വൺ പരീക്ഷയ്ക്കായി സ്കൂളിലേക്ക് സഹോദരനോടൊപ്പം സ്കൂട്ടറിൽ പോകവേ അപകടത്തിൽപെട്ട് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി മരിച്ചു. കൊല്ലാട് വടവറയിൽ ആലിച്ചൻ സിസിലി ദമ്പതികളുടെ മകൾ അന്നു സാറ ആലി (17) യാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയവേ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ചത്.
കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. പരീക്ഷക്കായി സ്കൂളിലേക്ക് സഹോദരൻ അഡ്വിനൊപ്പം (20) പോകവേ കൊല്ലാട് കളത്തിക്കടവിൽ ഇന്നലെ രാവിലെ ബുള്ളറ്റുമായി കൂട്ടിയിടിച്ചാണ് ഇരുവർക്കും അതിഗുരുതരമായി പരുക്കേറ്റത്.
ഹെൽമറ്റ് തെറിച്ച് പോയതോടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അഡ്വിന് കണ്ണിനും, കഴുത്തിനും, കാലുകൾക്കും പരിക്കേറ്റു. ആദ്യം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അഡ്വിനെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.




