നഗരസഭയുടെ അനുമതിയില്ലാതെ പാലാ ഡി.ഇ.ഒ ഓഫീസ് മഹാത്മാഗാന്ധി മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലേക്ക് മാറ്റിയ സംഭവത്തിൽ അധികൃതരെ വിളിച്ചുവരുത്താൻ നഗരസഭ തീരുമാനം. ഭരണപക്ഷ അംഗം അഡ്വ. ബിനു പുളിക്കക്കണ്ടമാണ് വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും, പി.ടി.എ പ്രസിഡന്റിന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചെന്നും ചെയർമാൻ ആന്റോ ജോസ് പറഞ്ഞാറേക്കര അറിയിച്ചു. സ്‌കൂൾ അധികാരികളെയും ഡി.ഇ.ഒ.യേയും രക്ഷാകർതൃസമിതി ഭാരവാഹികളെയും ഉടൻ വിളിച്ചുകൂട്ടണമെന്ന അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ ആവശ്യവും കൗൺസിൽ യോഗം അംഗീകരിക്കുകയായിരുന്നു.



