പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
മരുമകൻ മദ്യപിച്ചെത്തി ഗർഭിണിയായ മകളെ ദേഹോപദ്രവം ചെയ്യുന്നെന്നും തനിയെ മകളുടെ വീട്ടിലേക്ക് പോകാൻ ഭയമായതിനാൽ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഒരു ഫോൺ കോൾ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി. ഇങ്ങനെ ഒരു വിവരം അറിഞ്ഞ കോട്ടയം-കുമരകം റോഡിൽ ഇല്ലിക്കൽ ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്ന കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐ. എം.എ.നവാസും സംഘവും ഒരുനിമിഷം പാഴാക്കാതെ സ്‌ഥലത്തേക്ക് കുതിച്ചു.
എഎസ്‌ഐ ബിനു രവീന്ദ്രൻ, സിവിൽപോലീസ് ഓഫീസർ എസ്.സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രധാന റോഡിൽനിന്ന് 100 മീറ്റർ ഉള്ളിലായിരുന്ന ആ വീട്. വീട്ടിലെത്തി വിളിച്ചെങ്കിലും ആരും കതക് തുറന്നില്ല. സ്റ്റേഷനിൽ വിവരം അറിയിച്ച ആളെ വിളിച്ചപ്പോൾ വന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. വീടിനകത്ത് ടി.വി. പ്രവർത്തിക്കുന്ന ശബ്ദംകേട്ടതിനാൽ കതക് തള്ളിത്തുറന്ന് പോലീസ് അകത്തുകയറി. വീടിനുള്ളിൽനിന്ന് ഞരക്കംകേട്ട് അതിവേഗം മുറിക്കകത്തെത്തിയ പോലീസ് ഫാനിൽ തൂങ്ങിയാടുന്ന യുവതിയെയാണ് കണ്ടത്.
എ.എസ്.ഐ. ബിനു രവീന്ദ്രനും സിവിൽപോലീസ് ഓഫീസർ എസ്.സുരേഷും ചേർന്ന് യുവതിയെ താങ്ങി ഉയർത്തിനിർത്തി. കഴുത്തിൽ മുറുകിയ തുണി ആദ്യം അഴിച്ചെടുക്കാൻ കഴിഞ്ഞില്ല. അടുത്ത മുറിയിൽനിന്ന് കത്തിയെടുത്ത് ഷാൾ മുറിച്ചുമാറ്റി താഴെയിറക്കി. അബോധാവസ്ഥയിലായ യുവതിയെ എടുത്ത് പോലീസ് വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ യുവതിയുടെ ജീവൻ രക്ഷിക്കാനായി. അതിവേഗ പോലീസ് നടപടിയിലൂടെ അമ്മയുടെയും കുഞ്ഞിന്‍റെയും ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് കോട്ടയം വെസ്റ്റ് പോലീസ്. സിവിൽ പോലീസ് ഓഫീസർമാരായ ജോസ് മാത്യു, ബോബി സ്റ്റീഫൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ.

