കേരള ലോട്ടറിക്കെതിരെ പരാതിയുമായി ഒരു കോടി രൂപ സമ്മാനം കിട്ടിയ പാലാ സ്വദേശിനി അന്നമ്മ. ഭാഗ്യക്കുറി നറുക്കെടുപ്പിൽ വലിയ സമ്മാനം കിട്ടുന്നവർ പിന്നീട് നികുതി അടയ്ക്കേണ്ടി വരുന്നത് ബാധ്യതയാകുന്നുവെന്ന് അന്നമ്മ ഷൈജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2021 ജൂലൈയിൽ ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പിൽ അന്നമ്മയ്ക്ക് ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് അടിച്ചത്. ഒരു കോടി രൂപയിൽ 12 ശതമാനമായ 12 ലക്ഷം ഏജൻസി കമ്മിഷൻ കുറച്ച് ബാക്കി വരുന്ന 88 ലക്ഷം രൂപയുടെ 30% ആദായ നികുതി തുകയായ ഇരുപത്തിയാറുലക്ഷത്തി നാൽപതിനായിരം രൂപ പിടിച്ച ശേഷമുള്ള തുകയാണ് സമ്മാനമായി കിട്ടിയത്.
ഇതു പൊതുവെയുള്ള കാര്യമാണ് എന്നാൽ 50 ലക്ഷത്തിൽ കൂടുതൽ സമ്മാനം ലഭിച്ചതിനാൽ ടാക്സിന്റെ 10% സർ ചാർജും. ടാക്സിന്റെയും സർ ചാർജിന്റെയും നാലു ശതമാനം സെസും ചേർത്ത് മൂന്നു ലക്ഷത്തി എൺപതിനായിരത്തി ഒരു നൂറ്റി അറുപത് രൂപയാണ് ഇപ്പോൾ തിരിച്ചടയ്ക്കേണ്ടതായി വന്നിരിക്കുന്നത്.
കൃത്യ സമയത്ത് അടയ്ക്കാത്തതിനാൽ പലിശയും മറ്റും ചേർത്ത് 410760 രൂപ ജൂലൈ 31 നകം അടയ്ക്കണമെന്നാണ് ചാർട്ടേഡ് അക്കൗണ്ട് അറിയിച്ചിരിക്കുന്നത്. സമയത്ത് അടച്ചില്ലെങ്കിൽ തുക മാസം തോറും ഉയരും.
ലോട്ടറി വകുപ്പ് ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നില്ല, സമ്മാനർഹർക്ക് ഇക്കാര്യം അറിയില്ല എന്നും അന്നമ്മ പറഞ്ഞു. സമ്മാന തുക മുഴുവനും ചെലവഴിച്ച ശേഷമാണ് അധിക നികുതിയെ കുറിച്ച് അവർക്ക് അറിയാൻ കഴിയുകയുള്ളു അപ്പോൾ അത് ബാധ്യതയായി മാറി കഴിയും.
ഒരു കോടി അടിച്ചവർക്ക് ഇത്രയുമാകുമ്പോൾ 10 ഉം 25 ഉം കോടി അടിച്ചവർ വലിയ തുക തിരിച്ചടയ്ക്കേണ്ടിവരും എന്നും അവർ പറഞ്ഞു.
ലോട്ടറി ടിക്കറ്റിനു പിന്നിൽ അച്ചടിച്ചിരിക്കുന്ന നിബന്ധനകൾ മലയാളത്തിലാക്കണമെന്നും കൗണ്ടർ ഫോയിൽ രേഖപ്പെടുത്തണമെന്നും ഈ കാര്യത്തിൽ ലോട്ടറി വകുപ്പിന് പരാതി നൽകുമെന്നു മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു.
ബാധ്യത അടച്ച് തീർക്കുമെന്നും ഭാവിയിൽ സമ്മാന ജേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നു കരുതിയാണ് പരാതി ഉന്നയിച്ചതെന്നും അന്നമ്മ പറഞ്ഞു.








