തിരുവനന്തപുരം/കോട്ടയം: പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് പി.സി. ജോര്‍ജിന്റെ കുടുംബം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നീക്കത്തിന് പിന്നിലെന്നും പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും മരുമകള്‍ പാര്‍വതി ഷോണും ആരോപിച്ചു.
പിണറായി വിജയന്‍ അനുഭവിക്കും- ഉഷ ജോര്‍ജ്
പി.സി. ജോര്‍ജിനെതിരായ പീഡന പരാതി മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉഷ ജോര്‍ജും പ്രതികരിച്ചു. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാന്‍ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പിണറായി വിജയന്‍ ഇതിനെല്ലാം അനുഭവിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഇത് എവിടുത്തെ ന്യായമാണ്. പിണറായി വിജയനെ ഞാന്‍ പോയി കാണും. എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയിരിക്കുന്നത്. എല്ലാവരും വേദനിക്കുകയാണ്. എന്റെ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അദ്ദേഹം അനുഭവിക്കും. ഒരു നിരപരാധിയെ പിടിച്ച് ജയിലിലിടാമോ? പി.സി. തെറ്റ് ചെയ്യാത്തൊരു മനുഷ്യനാണ്. ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാന്‍ കഴിയില്ല. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ.
രണ്ട് മൂന്ന് ദിവസത്തേയ്ക്ക് പിണറായിയുടെ പ്രശ്‌നങ്ങളൊന്നും പുറത്തുവരരുത്. അതിനാണ് ഇതെല്ലാം. ഏത് പൊട്ടനും ഇത് മനസിലാക്കാമല്ലോ. നാളെ ഒരു ഞായറാഴ്ചയാണ്. പുള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയാല്‍ പിന്നെ ആ വാര്‍ത്ത ആയല്ലോ.'- ഉഷ ജോര്‍ജ് രൂക്ഷമായി പ്രതികരിച്ചു.
ഇത് പിണറായിയുടെ തന്ത്രം- ഷോണ്‍ ജോര്‍ജ്
പി.സി യെ അറസ്റ്റ് ചെയ്തതില്‍ പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയില്ല. എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതിയെ കിട്ടാതെ സി.പി.എം. തന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. നിയമസഭയും നടക്കുന്നു. നിരവധി ആരോപണങ്ങള്‍ മുഖ്യമന്ത്രിയും മകളും നേരിടുന്നു. അപ്പോള്‍ സ്വാഭാവികമായും ഇതല്ല, ഇതിനപ്പുറവും സംഭവിക്കും. ഇതിനപ്പുറവുമുള്ള തിരക്കഥകള്‍ നാട്ടില്‍ നടക്കും. പരാതിക്കാരി കൊടുത്ത പരാതികളുടെ അടിസ്ഥാനത്തില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കേരള നിയമസഭയില്‍ ക്വാറം തികയില്ല. അതാണ് അവസ്ഥ.
ഒരുമാസം മുമ്പ് നല്‍കിയ രഹസ്യമൊഴി സൂക്ഷിച്ചുവെച്ചു. എന്നിട്ട് രഹസ്യമായി ക്രൈംബ്രാഞ്ചിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഒരുവിവാദത്തെ അടുത്ത വിവാദം കൊണ്ട് അടയ്ക്കുക എന്ന പിണറായിയുടെ തന്ത്രമാണിത്. കേരള പോലീസിന് അന്തസുണ്ടെന്ന് വിചാരിച്ചാണ് അദ്ദേഹവും അഭിഭാഷകനും പി.എ.യും മാത്രം തിരുവനന്തപുരത്ത് പോയത്. മൊഴിയെടുക്കാനെന്ന് വിളിച്ചുവരുത്തിയാണ് ഇത്തരമൊരു വൃത്തികേട് കാണിച്ചതെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.
ഇത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് പാര്‍വതി ഷോണ്‍
പിണറായിയുടെ ഭാഗത്തുനിന്നാണ് ഈ നീക്കമെങ്കില്‍ അതൊരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് പി.സി. ജോര്‍ജിന്റെ മരുമകള്‍ പാര്‍വതി ഷോണ്‍. സത്യം വിളിച്ചു പറയുന്നവര്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ നില എന്താണെന്ന് ആലോചിക്കണം. പിണറായിയുടെ ഭാഗത്തുനിന്നാണ് ഈ നീക്കമെങ്കില്‍ മുഖ്യമന്തിയ്ക്ക് ചേർന്നതല്ല. വേറെ എന്തെല്ലാം കേസില്‍ പെടുത്താം. ഇത് കെട്ടിച്ചമച്ച കഥയാണെന്ന് കേള്‍ക്കുന്നവര്‍ക്കെല്ലാം അറിയാം. എല്ലാത്തിലും സത്യം വിളിച്ചുപറയുന്ന വ്യക്തിയാണ് അദ്ദേഹം. ഈ നാട്ടില്‍ നിയമമുണ്ടല്ലോയെന്നും
പാര്‍വതി പറഞ്ഞു.






