സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ യുവനടിമാര്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമത്തില്‍ പ്രതികരണവുമായി നടന്‍മാരായ നിവിന്‍ പോളിയും അജു വര്‍ഗീസും. വളരെ നാണക്കേടാണിതെന്നും ദൗര്‍ഭാഗ്യകരവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഇരുവരും കുറിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സിനിമാ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങള്‍ കോഴിക്കോട്ടെ മാളില്‍ എത്തിയത്. പ്രധാനതാരങ്ങളെല്ലാവരും വരുന്നതിനാല്‍ നല്ല തിരക്കായിരുന്നു ഈ സമയത്ത് മാളില്‍ അനുഭവപ്പെട്ടത്.
പ്രചാരണപരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങുന്ന സമയത്താണ് രണ്ട് നടിമാര്‍ക്കും നേരെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ നടിമാരിലൊരാള്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മറ്റൊരു നടി സമൂഹമാധ്യമങ്ങളിലൂടെ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറയുകയും ചെയ്തു.
സംഭവത്തില്‍ പന്തീരങ്കാവ് പോലീസ് കേസെടുത്തു. ദുരനുഭവം നേരിട്ട നടിമാരില്‍ ഒരാള്‍ കണ്ണൂരും മറ്റൊരാള്‍ എറണാകുളത്തുമാണുള്ളത്. ഇവരുടെ മൊഴിയെടുക്കുന്നതിനായി ഒരു വനിതാ സി.ഐ കണ്ണൂരിലേക്കും വനിതാ എസ്.ഐ എറണാകുളത്തേക്കും തിരിച്ചിരിക്കുകയാണ്. വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും കേസെടുക്കുക. മാളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.





