പാലാ ഗവ.ജനറൽ ഹോസ്പിറ്റൽ പാലിയേറ്റീവ് കെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മരിയസദനം അഭയകേന്ദ്രത്തിൽ അന്തേവാസികൾക്കായി അലോപ്പതി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും അലോപ്പതി മെഡിക്കൽ ക്യാമ്പും നടന്നു. മരിയസദനം ലോർഡ്സ് ഹോസ്പിസ് അങ്കണത്തിലാണ് പരിപാടി നടന്നത്.
പാലാ നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. 24 വർഷത്തോളമായി നാട്ടിലെ അനാഥരെയും മാനസികരോഗികളെയും യാചകരെയും സംരക്ഷിച്ചു വരുന്ന സ്ഥാപനം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് അറിയിച്ചു.
450 ഓളം അംഗങ്ങളുള്ള മരിയസദനത്തിൽ ഈ ഒരു മാസത്തിനിടയിൽ തന്നെ പോലീസ് അധികാരികൾ ,ജനപ്രതിനിധികൾസാമൂഹിക നീതിവകുപ്പ് എന്നിവർ ഉൾപ്പെടെ 25 ഓളം പുതിയ അഡ്മിഷനുകളാണ് എടുക്കേണ്ടിവന്നതെന്നു അദ്ദേഹം പറഞ്ഞു. പെയിൻ ആന്റ് പാലിയേറ്റീവ് കെയർ അംഗങ്ങൾ മരിയസദനത്തിനായി എല്ലാ സേവനങ്ങളും ഉറപ്പുനല്കി. രോഗികൾക്കായി വീൽചെയറും സമ്മാനിച്ചു.
കേരള പാലിയേറ്റീവ് കെയർ റിസേർച്ച് സെൻറർ , ഇൻസ്റ്റിറ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ പ്രകാശനം ചെയ്തിരിക്കുന്ന പാലിയേറ്റീവ് നഴ്സിംഗ്
പരിചരണം എന്ന മാർഗരേഖ മരിയസദനം നഴ്സിംങ് ഡിപാർട്ട്മെന്റിനു ഡോ .ജെയിംസ് ബാബു കൈമാറി . പാലാ മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഗവൺമെന്റ് ആശുപത്രിസൂപ്രണ്ട് ഡോ.ഷമ്മി രാജൻ, ആർ.എം.ഒ. ഡോ സോളി മാത്യു ,ഡോ. അരുൺ, പാലിയേറ്റീവ് കെയർ ഇൻ ചാർജ്ജ് ഡോ. ജെയിംസ് ബാബു , നേഴ്സ്മാരായ ജിഷ ,മോളമ്മ തോമസ്, ദീപു മാത്യു, എന്നിവരും പങ്കെടുത്തു. അടിസ്ഥാനപരമായ പാലിയേറ്റീവ് പരിചരണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും ഡോ. ജെയിംസ് ബാബുവിന്റെ നേതൃത്വത്തിൽ നടന്നു.





