Hot Posts

6/recent/ticker-posts

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആന്‍റി നാർകോട്ടിക് ക്ലബ്


ഇ‌ടുക്കി ജില്ലയിലെ 224 സ്കൂളുകളിലും 61 കോളജുകളിലുമായി ആകെ 285 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആന്‍റി നാർകോട്ടിക് ക്ലബ് രൂപവത്കരിച്ചു. വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊലീസ് നടപ്പാക്കുന്ന 'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായാണിത്.


സമൂഹത്തിലെ ഓരോ പൗരനെയും ലഹരിക്കെതിരെയുള്ള യോദ്ധാക്കളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുകയാണ്. 


ഇതുവരെ 323 ബോധവത്കരണ ക്ലാസും 475 റെയ്ഡും നടത്തി. ലഹരിവിരുദ്ധ പ്രമോഷനൽ വിഡിയോകൾ തയാറാക്കി വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ യോദ്ധാവ് പദ്ധതിയെക്കുറിച്ചും ലഹരിവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുന്നു.


പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ലഹരി എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ എല്ലാ സ്‌കൂളിലും കോളജിലും അധ്യാപകരെ ചുമതലപ്പെടുത്തി. തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർക്ക് സബ് ഡിവിഷൻതലത്തിൽ പരിശീലനം സംഘടിപ്പിച്ചു. 

യോദ്ധാവ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അവബോധം നൽകാൻ ജില്ലതലത്തിൽ ജനമൈത്രി ബീറ്റ് ഓഫിസർമാർക്കും ജില്ലയിലെ എസ്.ഐ റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും എൻ.ഡി.പി.എസ് കേസുകൾ സംബന്ധിച്ചും പ്രത്യേകം പരിശീലനവും നൽകി.

Reactions