Hot Posts

6/recent/ticker-posts

ലേലം കൊണ്ടത് 5 എണ്ണം മാത്രം; വെറുതേയാകുമോ ലോയേഴ്സ് ചേംബർ


കോടികള്‍ മുടക്കി പാലാ കോടതി സമുച്ചയത്തോട് ചേര്‍ന്ന് മൂന്നാനിയില്‍ അഭിഭാഷകര്‍ക്കായി പാലാ നഗരസഭ നിര്‍മ്മിച്ച ലോയേഴ്‌സ് ചേംബര്‍ കം കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിന്റെ മുറികള്‍ ലേലത്തില്‍ പിടിക്കാന്‍ ആളില്ല.


ബുധനാഴ്ച നഗരസഭാ അധികൃതര്‍ നടത്തിയ ലേലത്തില്‍ 9 പേര്‍ മാത്രമാണ് പങ്കെടുത്തത്. ഇവരില്‍ അഞ്ചുപേര്‍ മാത്രമാണ് മുറിയെടുത്തത്. 72 മുറികള്‍ ഉള്ള ലോയേഴ്‌സ് ചേംബറില്‍ 67 മുറികളും കാലി.


മൂന്നരക്കോടി രൂപ മുടക്കിയാണ് നഗരസഭാ അധികൃതര്‍ ഈ ബഹുനില കെട്ടിടം പണിതുയര്‍ത്തിയത്. കഴിഞ്ഞ 23-ാം തീയതി ആയിരുന്നു ഉദ്ഘാടനം. തുടര്‍ന്ന് ബുധനാഴ്ചയാണ് ഇതിന്റെ ലേലം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ലേലത്തില്‍ 9 പേര്‍ മാത്രമേ പങ്കെടുത്തുള്ളൂ. ക്വൊട്ടേഷന്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.


പാലായില്‍ 200-ല്‍പരം അഭിഭാഷകരാണുള്ളത്. എന്നാല്‍ പാലായിലെ കോടതിയോട് ചേര്‍ന്നുള്ള നഗരസഭാ ലോയേഴ്‌സ് ചേംബറിലെ മുറികളെടുക്കാന്‍ മിക്ക അഭിഭാഷകര്‍ക്കും താത്പര്യമില്ലെന്നാണ് ആദ്യദിവസത്തെ ലേലനടപടികള്‍ സൂചിപ്പിക്കുന്നത്.

മൂന്നുനിലകളിലും ലക്ഷക്കണക്കിന് രൂപയുടെ ഡിപ്പോസിറ്റ് ചോദിക്കുന്നതാണ് പ്രധാനമായും വക്കീലന്‍മാര്‍ ലേലത്തില്‍ നിന്ന് വലിഞ്ഞുനില്‍ക്കാന്‍ കാരണം. ആദ്യഘട്ടത്തില്‍ വേണ്ടത്ര ആളുകള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ എത്താത്ത സാഹചര്യത്തില്‍ സ്വാഭാവികമായും 
നഗരസഭാ അധികൃതര്‍ തുക കുറച്ചേക്കും. ഇതിനായി കാത്തിരിക്കുന്നവും ഉണ്ട്.


മുറികളുടെ വലിപ്പക്കുറവും പല അഭിഭാഷകരും ചൂണ്ടിക്കാണിക്കുന്നു. 180 ചതുരശ്ര അടിയാണ് ഒരു മുറിയുടെ അളവ്. ഇതില്‍ തന്നെ ബാത്ത്‌റൂമും ഉള്‍ക്കൊള്ളുന്നു. ബാത്ത്റൂം നിർമാണത്തിലും അപാകതകൾ ഉള്ളതായും അഭിഭാഷകർ പറയുന്നു. ടോയ്ലെറ്റുകൾക്ക് എന്തെങ്കിലും അറ്റകുറ്റപ്പണികൾ ആവശ്യമായാൽ നിർമാണത്തിലെ അപാകത മൂലം അതും എളുപ്പമല്ലെന്നാണ് ഇവർ പറയുന്നത്. 

ചെറിയ റൂമുകളിൽ ബാത്ത് റൂമുകൾ കൂടി വരുമ്പോൾ ഇത് താരതമ്യേന സൗകര്യക്കുറവാണ് സൃഷ്ടിക്കുന്നതെന്നാണ്  അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

പ്രഗത്ഭരായ പല അഭിഭാഷകരുടയും ഓഫീസുകൾ സാധാരണക്കാര്‍ക്ക് ചിരപരിചിതമാണ്. അതുകൊണ്ടുതന്നെ അവ
വിട്ടൊഴിഞ്ഞ് മൂന്നാനിയിലേക്ക് പോകാന്‍ പ്രഗത്ഭരായ അഭിഭാഷകര്‍ തയ്യാറാകുന്നുമില്ല.

Reactions