നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന അതിജീവിയതയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധി റദ്ദാക്കി വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വിചാരണ കോടതി ജഡ്ജി നേരിട്ടോ അല്ലാതെയോ ദിലീപുമായി ബന്ധം ഉണ്ടാക്കിയതിന് തെളിവുണ്ടോ എന്ന് സുപ്രീം കോടതി അതിജീവിതയുടെ അഭിഭാഷകരോട് ചോദിച്ചു. കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ ഇതിന് മുമ്പും പല ശ്രമങ്ങളും ഉണ്ടായതായി ദിലീപ് സുപ്രീം കോടതിയില്‍ ആരോപിച്ചു.
കേസില്‍ നീതിപൂര്‍ണമായ വിചാരണ നടക്കില്ലെന്ന ആശങ്ക കാരണമാണ് വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് അതിജീവിതയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് ചൂണ്ടിക്കാട്ടി. കേസില്‍ നിന്ന് രണ്ട് പബ്ലിക് പ്രോസിക്യുട്ടര്‍മാര്‍ ഇതിനോടകം പിന്മാറി.
കേസുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ദിലീപിന്റെ ഫോണില്‍നിന്ന് ഒരു അഭിഭാഷകന്റെ ശബ്ദസന്ദേശം ലഭിച്ചിരുന്നു. ഇതില്‍ വിചാരണക്കോടതി ജഡ്ജിയുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ട കസ്റ്റഡി മരണത്തെ സംബന്ധിച്ച പരാമര്‍ശമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഭര്‍ത്താവ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വിചാരണ കോടതി ജഡ്ജി എന്ത് പിഴച്ചുവെന്ന് സുപ്രീം കോടതി ആരാഞ്ഞു. വിചാരണ കോടതി ജഡ്ജി നേരിട്ടോ അല്ലാതെയോ ദിലീപുമായി ബന്ധം ഉണ്ടാക്കിയതിന് തെളിവ് ഉണ്ടോ എന്ന് ജസ്റ്റിസ് അജയ് രസ്‌തോഗി ചോദിച്ചു. ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ ജഡ്ജിയുമായി ബന്ധപ്പെട്ടതിനും തെളിവുണ്ടോ എന്നും കോടതി ആരാഞ്ഞു.
വിചാരണ കോടതിക്കോ ജഡ്ജിക്കോ തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് അറിയാന്‍കഴിയുന്നത് ഹൈക്കോടതിക്കും ഹൈക്കോടതിയിലെ ഭരണ സംവിധാനത്തിനുമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം ഹൈക്കോടതി ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ പറഞ്ഞ വിധിയില്‍ ഇടപെടുന്നത് തെറ്റായ കീഴ്വഴക്കം ആയിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അതിജീവിതയ്ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത്, കെ. രാജീവ് എന്നിവര്‍ ഹാജരായി. ദിലീപിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ഹാജരായി.






