കോട്ടയം: പോലീസ് ഉദ്യോഗസ്ഥനായ ഷിഹാബിന് എതിരായ മാമ്പഴ മോഷണ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള അപേക്ഷയില്‍ കോടതി ഇന്ന് (ഒക്ടോബർ20) വിധി പറഞ്ഞേക്കും. കാഞ്ഞിരപ്പള്ളി കോടതിയാണ് വിധി പറയുക. പഴക്കട വ്യാപാരിയാണ് കേസ് ഒത്തുതീര്‍ക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു വ്യാപാരി കോടതിയില്‍ അപേക്ഷ നല്‍കിയത്. ഷിഹാബ് നഷ്ടം പരിഹരിച്ചെന്നും അതിനാല്‍ കേസുമായി മുന്‍പോട്ട് പോകുന്നില്ലെന്നുമായിരുന്നു ഇയാള്‍ കോടതിയെ അറിയിച്ചത്.
അപേക്ഷ ഇന്നലെ പരിഗണിക്കാനായിരുന്നു കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ ഒത്ത്തീര്‍പ്പിനെ എതിര്‍ത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
കേസിലെ പ്രതിസ്ഥാനത്തുള്ളത് പോലീസ് ഉദ്യോഗസ്ഥനാണ്. അതിനാല്‍ കേസ് അതീവ ഗൗരവതരമാണ്. ഇത്തരം ഒരു കേസ് ഒത്തുതീര്‍ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഈ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്തുകൊണ്ടാകും കോടതി വിധി. അതേസമയം സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ഷിഹാബിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മാസം 30 നായിരുന്നു ഷിഹാബ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മാമ്ബഴം മോഷ്ടിച്ചത്. കിലോയ്‌ക്ക് 600 രൂപ വരുന്ന 10 കിലോ മാമ്ബഴമാണ് ഷിഹാബ് മോഷ്ടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇതിന് പിന്നാലെ ഷിഹാബിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.






