ഏഴാം തീയതിയാണ് 19 മത് കോട്ടയം റവന്യൂ ജില്ല സ്കൂൾ കായികമേളയ്ക്ക് പാലാ നഗരസഭാ സ്റ്റേഡിയത്തിൽ തുടക്കമായത്. കോട്ടയം ജില്ലയിലെ 13 ഉപജില്ലകളിൽ നിന്നുള്ള മൂവായിരത്തോളം കായിക പ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്.
കായികമേളയുടെ സമാപന സമ്മേളനത്തിൽ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം നിർവഹിച്ചു. തുടക്കം മുതൽ തന്നെ മത്സരങ്ങളിൽ ഈരാറ്റുപേട്ട ഉപജില്ല ആധിപത്യം ഉറപ്പിച്ചിരുന്നു.
ഓവറോൾ വിഭാഗത്തിൽ ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്തവിധമായിരുന്നു ഈരാറ്റുപേട്ടയുടെ കുതിപ്പ്. 45 സ്വർണവും 24 വെള്ളിയും ഉൾപ്പെടെ 353 പോയിന്റുകളുമായാണ് ഈരാറ്റുപേട്ട മുന്നിലെത്തിയത്. പൂഞ്ഞാർ എസ്എംവി ഹയർസെക്കൻഡറി സ്കൂൾ നേടിയ പോയിന്റുകളാണ് ഈരാറ്റുപേട്ടയുടെ വിജയക്കുതിപ്പിന് പിന്നിൽ.
36 സ്വർണവും 22 വെള്ളിയുമടക്കം 252 പോയിന്റുകളാണ് പൂഞ്ഞാർ എസ് എം വി സ്കൂൾ നേടിയത്.19 സ്വർണവും 17 വെള്ളിയും 163 പോയിന്റുകളുമായി പാലാ സബ്ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളാണ് പാലാ ഉപജില്ലയിൽ കൂടുതൽ പോയിന്റ് നേടിയത്. സ്കൂളിന് 11 സ്വർണവും 10 വെള്ളിയും അടക്കം 90 പോയിന്റുകൾ ആണുള്ളത്. കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയും ആണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂൾ കുറുമ്പനാടമാണ് ചങ്ങനാശേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത്. തോമസ് ചാഴികാടൻ എംപിയും മാണി സി കാപ്പൻ എംഎൽഎയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.






