തിരുവനന്തപുരം: വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള നിർദിഷ്ട കരുതൽമേഖലാപ്രദേശത്തെ സർവേനമ്പറുകൾ ഉൾപ്പെടുത്തിയ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചെങ്കിലും ആശങ്കകൾക്ക് അവസാനമായില്ല.
ജനവാസമേഖലകളും നിർമിതികളും ഒഴിവാക്കി ഒരുകിലോമീറ്റർ പരിധിയിൽവരുന്ന കരുതൽമേഖല കണക്കാക്കി വനംവകുപ്പ് നേരത്തെ കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടത്തിലാണ് സർവേനമ്പർകൂടി ഉൾപ്പെടുത്തിയത്.
സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ പുറത്തിറക്കിയ ഭൂപടത്തെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു വനംവകുപ്പ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതിൽ സർവേനമ്പറുകൾ ഉൾപ്പെടുത്തിയിരുന്നില്ലെന്ന ആക്ഷേപത്തിന് പരിഹാരമായാണ് ബുധനാഴ്ച വീണ്ടും ഭൂപടം പുതുക്കിയിറക്കിയത്.
സാങ്കേതികപരിജ്ഞാനമുള്ളവരുടെ സഹായത്തോടെമാത്രമേ സർവേനമ്പർ ഉൾപ്പെടുത്തിയ പുതിയ ഭൂപടം പരിശോധിക്കാനാകൂവെന്നാണ് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ചില സർവേനമ്പറുകൾ കരുതൽമേഖലയ്ക്ക് അകത്തും പുറത്തും ആവർത്തിച്ചിട്ടുണ്ട്. ചിലത് വ്യക്തവുമല്ല.
പാലക്കാട്ടെ സൈലന്റ്‌വാലി നാഷണൽപാർക്കിനു പകരം തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഭൂപടമാണ് നൽകിയിട്ടുള്ളത്. സൈലന്റ്‌വാലിയുടേത് ഉൾപ്പെടുത്തിയിട്ടുമില്ല.
ഭൂപടത്തിൽ ചുവപ്പ്-മജന്ത അതിരടയാളത്തിനുള്ളിലാണ് കരുതൽമേഖല രേഖപ്പെടുത്തിയിട്ടുള്ളത്. വന്യജീവിസങ്കേതത്തിനൊപ്പം ഓരോ തദ്ദേശസ്ഥാപനത്തിലെയും കരുതൽമേഖല പ്രത്യേകം രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും മനസ്സിലാക്കാൻ പ്രയാസമാണ്. അതേസമയം, തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ ഇത് വിശദീകരിക്കാനാവുമെന്നാണ് അധികൃതർ പറയുന്നത്.






