Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിൽ നഗരസഭ നടത്തുന്ന അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികൾ ആരംഭിച്ചു


പാലാ കെ.എം മാണി സ്മാരക ഗവ ജനറൽ ആശുപത്രിയിൽ നഗരസഭ നടത്തുന്ന അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികൾ തുടങ്ങി.


കാഷ്വാലിറ്റി ബ്ലോക്കിലേക്കുള്ള വാഹന പ്രവേശനം സുഗമമാക്കുന്ന ഇൻ്റർലോക്ക് ടൈൽസ് പാകലും കെട്ടിട സമുച്ചയത്തിൻ്റെ മുൻഭാഗത്ത് അലൂമിനിയം മേൽക്കൂര നിർമ്മാണവുമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.


30 ലക്ഷം രൂപയാണ് പ്രഥമ ഘട്ടത്തിൽ ഇതിനായി ചിലവഴിക്കുക. അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡ് ഭാഗം മുഴുവനും, ലാബ്, തീയേറ്റർ ബ്ലോക്കിലേക്കുള്ള വഴികളും പേവിംഗ് ടൈലുകൾ പാകി നവീകരിക്കും. ഇതോടൊപ്പം മോർച്ചറിക്കു മുൻഭാഗവും സിമൻ്റ് കട്ടകൾ പാകും. 


തീയേറ്റർ ബ്ലോക്കും പോസ്റ്റ്മോർട്ടം കെട്ടിടവും തമ്മിൽ ബന്ധിപ്പിച്ച് മേൽകൂര നിർമ്മാണവും നടത്തും.


രോഗീസൗഹൃദ സൗകര്യങ്ങൾക്കായി നാലുലക്ഷത്തി ഇരുപതിനായിരം രൂപാ കൂടി നഗരസഭാ കൗൺസിൽ അനുവദിച്ചു. ഓങ്കോളജി, ഡയാലിസിസ് ചികിത്സാ വിഭാഗങ്ങളിൽ ടെലിവിഷനുകൾ സ്ഥാപിക്കുന്നതിനും മരുന്നുകൾ സൂക്ഷിക്കുന്നതിനായുമുള്ള പ്രത്യേക ശീതീകരണികളും പോസ്റ്റ്മോർട്ടം വിഭാഗത്തിലേക്കായി നവീന സ്കൾ കട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും വാങ്ങുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ അംഗീകാരം നൽകിയതായി ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും അറിയിച്ചു.

നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര നവീകരണ ജോലികൾ
ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ സാവിയോ കാവുകാട്ട്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂപടവൻ, ജയ്സൺ മാന്തോട്ടം, ഡോ. അനീറ്റ് ആന്റണി, സി.ആർ സനിൽ, കരാർ കോൺട്രാക്ടർ ജോഷി തോമസ് അമ്പാട്ട്, ആശുപത്രി ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അത്യാഹിത വിഭാഗത്തിനു മുൻഭാഗത്ത് സിമെന്റ് കട്ടകൾ വിരിക്കുന്ന പണികൾ നടക്കുന്നതിനാൽ ഏതാനും ദിവസത്തേക്ക് വാഹനങ്ങൾ പാർക്കിംഗ് ഏരിയായിൽ മാത്രം നിർബദ്ധമായും പാർക്ക് ചെയ്യണം. കാഷ്വാലിറ്റിയിൽ വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ആംബുലൻസുകൾ ക്യാൻസർ വിഭാഗത്തിലേക്കുള്ള പ്രവേശന പാതയിലൂടെ മാത്രം പ്രവേശിക്കണമെന്നും തുടർന്ന് ലിഫ്റ്റ്, റാമ്പ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഇതുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അഭ്യർത്ഥിച്ചു. 

നിരവധി രോഗികളും വാഹനങ്ങളും എത്തുന്ന ആശുപത്രിമുറ്റം മൺപാത ആയിരുന്നതിനാൽ മഴയത്ത് വെള്ളകെട്ടും പാർക്കിംഗ് തടസ്സവും ഉണ്ടായിരുന്നു. ഈ  പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

Reactions