കോട്ടയം: പുതുവർഷത്തിൽ ജില്ല പഞ്ചായത്തിൽ പുതിയ നേതൃത്വം. എൽഡിഎഫിലെ ധാരണയനുസരിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കേരള കോൺഗ്രസ് എമ്മിലെ നിർമല ജിമ്മി ഈമാസം 30ന് രാജിവെക്കും.
അടുത്ത രണ്ടുവർഷം സിപിഎമ്മിനാണ് പ്രസിഡന്‍റ് സ്ഥാനം. കുമരകം ഡിവിഷൻ അംഗം കെ വി ബിന്ദുവിനെ പ്രസിഡന്‍റാക്കാനാണ് സിപിഎം തീരുമാനം. വൈസ് പ്രസിഡന്‍റ് സ്ഥാനത്തിലും മാറ്റമുണ്ടാകും.
നിലവിലെ വൈസ് പ്രസിഡന്‍റ് സിപിഎമ്മിലെ ടിഎസ് ശരത് രാജിവെക്കും. പകരം എരുമേലി ഡിവിഷൻ അംഗം ശുഭേഷ് സുധാകരൻ സിപിഐ പ്രതിനിധിയായി വൈസ് പ്രസിഡന്‍റ് സ്ഥാനത്തെത്തും. അടുത്ത ഒരുവർഷം വൈസ് പ്രസിഡന്‍റ് സ്ഥാനം സിപിഐക്കാണ്.
എൽഡിഎഫിലെ ധാരണയനുസരിച്ച് അവസാനത്തെ ഒരുവർഷം പ്രസിഡന്‍റ് സ്ഥാനവും സിപിഐക്ക് ലഭിക്കും. അവസാന രണ്ടുവർഷം വൈസ് പ്രസിഡന്‍റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിനാണ്. 22 അംഗ ജില്ല പഞ്ചായത്തിൽ എൽഡിഎഫിന് 14 അംഗങ്ങളാണുള്ളത്.
സിപിഎം- ആറ്, കേരള കോൺഗ്രസ്എം- അഞ്ച്, സിപിഐ-മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിന് ഏഴ് അംഗങ്ങളും ജനപക്ഷത്തിന് ഒരംഗവുമുണ്ട്.കേരള കോൺഗ്രസിനേക്കാൾ അംഗങ്ങൾ സിപിഎമ്മിനുണ്ടായിട്ടും ആദ്യ ടേം കേരള കോൺഗ്രസിന് നൽകാൻ ഇടതുമുന്നണി സംസ്ഥാനതലത്തിൽ തീരുമാനിക്കുകയായിരുന്നു.






