ജൂബിലി തിരുനാളിന്റെ ഭാഗമായ സാംസ്കാരിക ഘോഷയാത്രയ്ക്ക് തുടക്കമായി. പാലാ സെന്റ് തോമസ് സ്കൂളിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.
പാലായുടെ അഭിമാന കായികതാര ദമ്പതികളായ വിൽസൺ ചെറിയാനും ഷൈനി വിൽസണും ചേർന്ന് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
മയിലാട്ടം, കോഴിഡാൻസ്, ഒട്ടകപക്ഷി നൃത്തം, കരയാട്ടം, ആദിവാസി പൈതൃക നൃത്തം, സിനിമ താരങ്ങളുടെ ഡ്യൂപ്പ്, പൊയ്ക്കാൽ നൃത്തം തുടങ്ങി നിരവധി കലാരൂപങ്ങൾ ഘോഷയാത്രയുടെ ഭാഗമായിട്ടുണ്ട്.
ഘോഷയാത്ര ടൗൺ ചുറ്റി മഹാറാണി ജംഗ്ഷനിലെത്തും. ടൂ വീലർ ഫാൻസി ഡ്രസ്സ് മത്സരവും, ടാബ്ലോ മത്സരങ്ങളും ഇതോടൊപ്പം നടക്കും.
വൈകുന്നേരം നാലിനാണ് തിരുനാൾ പ്രദക്ഷിണം ആരംഭിക്കുന്നത്. കുരിശുപള്ളിയില്‍ നിന്നും മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് ളാലം പഴയപള്ളി ഗ്രോട്ടോ, മാര്‍ക്കറ്റ് ജംഗ്ഷന്‍, സിവില്‍ സ്‌റ്റേഷന്‍, ടി ബി റോഡിലുള്ള പന്തല്‍, ന്യൂ ബസാര്‍, കട്ടക്കയം റോഡിലുള്ള പന്തല്‍, ളാലം പഴയപാലം ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ രാത്രി 8.45 ന് തിരികെ കുരിശുപളളിയിലെത്തും.
തുടർന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ സന്ദേശവും വിശുദ്ധ കുർബാനയുടെ ആശീർവാദവും നിർവഹിക്കും. ശേഷം സമ്മാനദാനവും നടക്കും. വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൃതജ്ഞത അർപ്പിക്കും.







