കോട്ടയം: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പുതുവര്‍ഷ ആഘോഷങ്ങള്‍ കൂടുതലും നടക്കുന്നത്. കുമരകം, വാഗമണ്‍, പരുന്തുംപാറ, പാഞ്ചാലിമേട്, വൈക്കം കായലോരം തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വാഗമണ്ണില്‍ പുതുവത്സരം ആഘോഷിക്കാന്‍ സഞ്ചാരികള്‍ നേരത്തേ തന്നെ എത്തിത്തുടങ്ങി. പ്രമുഖ റിസോര്ട്ടുകളെല്ലാ സഞ്ചാരികളാല്‍ നിറഞ്ഞു. സംഗീതനിശ, ഡിന്നര്‍ തുടങ്ങിയ പരിപാടികളോടെയാണ് റിസോര്‍ട്ടുകള്‍ ആഘോഷം ഒരുക്കിയിക്കുന്നത്.
യുവാക്കളുടെ സംഘങ്ങളും ഇന്നു (ഡിസംബർ 31) രാത്രിയോടെ എത്തും. ആഘോഷം അതിരുവിടാതിരിക്കാനും ലഹരി-മയക്കു മരുന്ന് ഉപയോഗം തടയാനും പോലീസും എക്സൈസും കര്‍ശനമായ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പോലീസ് റിസോര്‍ട്ടുടമകളുടെ യോഗം വിളിച്ചു ചേര്‍ത്തും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
കുമരകം ഹൗസ് ഫുള്ളാണ്. ഹൗസ് ബോട്ടുകളും റിസോര്‍ട്ടുകളും ഹോട്ടലുകളുമെല്ലാം അഞ്ചാം തീയതി വരെ ബുക്കിംഗാണ്. കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കു ശേഷമെത്തുന്ന പുതുവര്‍ഷത്തില്‍ വിദേശ സഞ്ചാരികള്‍ക്കൊപ്പം ആഭ്യന്തര സഞ്ചാരികളുടെയും ഒഴുക്കാണ്.
2018നു ശേഷം ഇത്രയധികം ബുക്കിംഗ് ആദ്യമായാണെന്ന് റിസോര്‍ട്ട് ഉടമകള്‍ പറയുന്നു. സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും റേറ്റിലും വര്‍ധന വരുത്തി. ന്യൂ ഇയര്‍ സ്പെഷല്‍ പാക്കേജ് എന്ന പേരില്‍ വലിയ തുകയാണ് ഈടാക്കുന്നത്. ഒരു പകലും രാത്രിയും ചെലവഴിക്കുന്നതിന് 30,000 രൂപ വരെ ഈടാക്കുന്ന റിസോര്‍ട്ടുകളുണ്ട്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കോട്ടയത്ത് 30 അടിയുള്ള കൂറ്റന്‍ പാപ്പാഞ്ഞി. വിജയപുരം പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കോട്ടയം കാര്‍ണിവല്‍ പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായാണ് കൂറ്റന്‍ പാപ്പാഞ്ഞിയെ നിര്‍മിച്ചിരിക്കുന്നത്.
വടവാതൂര്‍ മോസ്കോ ബണ്ട് റോഡിലാണ് പാപ്പാഞ്ഞിയെ ഉയര്‍ത്തിയത്. പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് മറ്റ് വിപുലമായ കലാ പരിപാടികളും ഫുഡ് ഫെസ്റ്റ് അടക്കമുള്ളവയുമുണ്ട്.






