പാലാ കടപ്പാട്ടൂരിൽ ഫ്ലാറ്റിൽ നിന്നും ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുകി ജനജീവിതം ദുസ്സഹം ആക്കുന്നു. അംഗനവാടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഭാഗത്ത് ദുരിതം തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായെങ്കിലും ഉടമസ്ഥൻ കണ്ടില്ലെന്ന മട്ടിലാണ്.
കടപ്പാട്ടൂർ അമ്പലത്തിനു സമീപമാണ് ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ഈ റോഡിലൂടെ മൂക്ക് പൊത്താതെ പോകാൻ പറ്റാത്ത അവസ്ഥയാണ്. 16 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും ഒഴുകിയെത്തുന്ന ശുചിമുറി മാലിന്യമാണിത്. റോഡിലൂടെ നടക്കാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
സാംക്രമിക രോഗങ്ങൾ ഉൾപ്പെടെയുള്ളവ പകരാൻ ഇത് കാരണമാകും. തൊട്ടടുത്തു സ്ഥിതിചെയ്യുന്ന അംഗൻവാടിക്ക് മുമ്പിലൂടെയാണ് ഈ മാലിന്യമത്രയും ഒഴുകുന്നത്. പലതവണ കെട്ടിട ഉടമസ്ഥനോട് കാര്യങ്ങൾ പറഞ്ഞിട്ടും പരിഹാരം കണ്ടില്ല.
സെപ്റ്റിക് ടാങ്ക് നിറഞ്ഞാണ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത്. 16 കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ നിലവിൽ ചെറിയ സെപ്റ്റിക് ടാങ്ക് മാത്രമാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ ടാങ്ക് നിറഞ്ഞാണ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത്.
കഴിഞ്ഞ ഒരു വർഷത്തോളമായി മാലിന്യം പുറത്തേക്ക് ഒഴുകുന്നുണ്ട്. നിരവധി തവണ പരാതിപ്പെട്ടിട്ടും കാര്യമായ പരിഹാരം ഉടമസ്ഥൻ കണ്ടിട്ടില്ല. ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലത്ത് എത്തി ഉടമസ്ഥനോട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉടമസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അനാസ്ഥകൾ വലിയ ദുരിതമാണ് നാട്ടുകാർക്ക് നൽകുന്നത്. റോഡിലൂടെ ഒഴുകുന്ന ശുചിമുറി മാലിന്യം പ്രദേശത്തെ കിണറിലേക്കും പറമ്പുകളിലേക്കുമാണ് ഒഴുകിയെത്തുന്നത്. ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും എന്ന് നാട്ടുകാർ പറഞ്ഞു.





