ഇരിങ്ങാലക്കുട: കെഎസ് കാലിത്തീറ്റ കഴിച്ച് പശുക്കൾ ചാവുകയും രോഗബാധ ഉണ്ടാകുകയും ചെയ്തതിൽ പ്രതിഷേധിച്ച് കടുത്തുരുത്തി ബ്ലോക്ക് ക്ഷീര കർഷക സംരക്ഷണ വികസന സമിതി കെഎസ് കാലിത്തീറ്റയുടെ ഇരിഞ്ഞാലക്കുട ഹെഡ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.
കെ എസ് കാലിത്തീറ്റ കഴിച്ച കോട്ടയം ജില്ലയിലെ ഒട്ടനവധി പശുക്കളാണ് ചത്തത്. ഇപ്പോഴും രോഗാവസ്ഥയിൽ ധാരാളം പശുക്കളുണ്ട്.
നികുതി ഭാരം മൂലം നടുവൊടിഞ്ഞ ജനങ്ങളുടെ ജീവിതം തന്നെ വഴി മുട്ടിക്കാനാണ് ഇത് പോലുള്ള കാലിത്തീറ്റ കമ്പനികൾ ശ്രമിക്കുന്നതെന്ന് കർഷകർ കുറ്റപ്പെടുത്തി.
ന്യായമായ നഷ്ടപരിഹാരം കിട്ടണമെന്നാണ് ക്ഷീര കർഷകരുടെ ആവശ്യം. തീറ്റയുടെ സാമ്പിൾ കർഷകർ വിവിധ ലാബുകളിൽ പരിശോധിക്കുവാനായി നൽകിയിട്ടുണ്ട്.
ചത്ത പശുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും കർഷകർ സൂക്ഷിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനും കേന്ദ്ര സംസ്ഥാന കൃഷി മന്ത്രിമാർക്കും പരാതി നൽകുവാൻ ഒരുങ്ങുകയാണ് കർഷകർ.










